പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങളെ പ്രശംസിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയെ പ്രോത്സാഹിപ്പിച്ചത് ചൂണ്ടിക്കാട്ടി എട്ടാമത് ഈസ്റ്റേണ്‍ ഇക്കണോമിക് ഫോറത്തിന്റെ വേദിയില്‍ വെച്ചാണ് പുടിന്‍ മോദിയെ പ്രശംസിച്ചത്. മോദി ശരിയായ കാര്യങ്ങള്‍ ചെയ്യുന്നുവെന്ന് പുടിന്‍ പറഞ്ഞു. ആഭ്യന്തര ഉല്‍പന്നങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കവെയാണ് മോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ നയങ്ങളെ അദ്ദേഹം പ്രശംസിച്ചത്.
‘നിങ്ങള്‍ക്കറിയാമോ, മുമ്പ് ഞങ്ങള്‍ നമ്മുടെ രാജ്യത്ത് കാറുകള്‍ നിര്‍മ്മിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഞങ്ങള്‍ അത് ചെയ്യുന്നു.1990കളില്‍ നമ്മള്‍ വന്‍തോതില്‍ വാങ്ങിയ മെഴ്സിഡസ്/ ഔഡി കാറുകളേക്കാള്‍ ഞങ്ങള്‍ നിര്‍മ്മിച്ച കാറുകള്‍ വളരെ ഒതുക്കമുള്ളതാണെന്നത് ശരിയാണ്. എന്നാല്‍ അത് ഒരു പ്രശ്‌നമല്ല. റഷ്യയില്‍ നിര്‍മ്മിച്ച വാഹനങ്ങള്‍ ഉപയോഗിക്കുന്നത് തികച്ചും നല്ലതാണ്. ഞങ്ങളുടെ സഹപ്രവര്‍ത്തകരില്‍ പലരും കാണിച്ച പാത പിന്തുടരണമെന്ന് ഞാന്‍ കരുതുന്നു. ഇന്ത്യയെ നോക്കിയാല്‍ മതി. അവിടെയുള്ളവര്‍ ഇന്ത്യയില്‍ തന്നെ കാറുകള്‍ നിര്‍മ്മിക്കുന്നതിലും അവ ഉപയോഗത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ പദ്ധതി പ്രകാരം നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിലൂടെ പ്രധാനമന്ത്രി മോദി ശരിയായ കാര്യമാണ് ചെയ്യുന്നതെന്ന് ഞാന്‍ കരുതുന്നു’, പുടിന്‍ വ്യക്തമാക്കി.