ചാന്ദ്ര ദൗത്യത്തിനായി ചെലവായത് 615 കോടിയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ, ചിലവായതിന്റെ അമ്പതിരട്ടിയോളം രൂപയാണ് നേട്ടമുണ്ടായിരിക്കുന്നത് എന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്. ഏകദേശം 31,000 കോടി രൂപയുടെ നേട്ടമാണ് ഓഹരിവിപണിയിൽ ഇന്ത്യ നേടിയത്. ആഴ്‌ചയിലെ ആദ്യ നാല് വ്യാപാര ദിനങ്ങളിൽ, 13 ബഹിരാകാശ സംബന്ധിയായ സ്റ്റോക്കുകളുടെ ഒരു ഗ്രൂപ്പിന്റെ സംയുക്ത വിപണി മൂലധനം 30,700 കോടി രൂപ ഉയർന്നു. ചന്ദ്രയാൻ 3 ലാൻഡ് ചെയ്യുമെന്ന് പ്രതീക്ഷിച്ച ഈ ആഴ്ച സ്പേസുമായി ബന്ധപ്പെട്ട ഓഹരികളിലെല്ലാം വലിയ പണമൊഴുക്കാണ് അനുഭവപ്പെട്ടത്.
ഇന്ത്യയുടെ ചാന്ദ്രദൗത്യത്തെ അത്രമാത്രം വിശ്വസിച്ച നിക്ഷേപകരായിരുന്നു ഇത്രയും പണം മുടക്കി ഓഹരികൾ വാങ്ങാൻ തയ്യാറായത്. ഈ ആഴ്ചയിലെ ആദ്യ നാല് ദിവസങ്ങളിൽ മാത്രം വിപണിമൂല്യത്തിൽ 30,700 കോടി രൂപയുടെ കുതിപ്പ് രേഖപ്പെടുത്തി. ചന്ദ്രയാൻ-3 നായി ഐഎസ്ആർഒയ്ക്ക് നിർണ്ണായക മൊഡ്യൂളുകളും സിസ്റ്റങ്ങളും നൽകിയ, അധികം അറിയപ്പെടാത്ത സ്മോൾക്യാപ് കമ്പനിയായ സെന്റം ഇലക്ട്രോണിക്സിന്റെ ഓഹരികൾ ആഴ്ചയിൽ 26% കുതിപ്പ് രേഖപ്പടുത്തി. ദൗത്യത്തിൽ പങ്കാളികളായ ഇന്ത്യൻ കമ്പനികളുടെ നിര വളരെ വലുതാണ്. ബഹിരാകാശ വിപണിയിൽ വലിയ അവസരമാണ് ചന്ദ്രയാൻ ദൗത്യം കമ്പനികൾക്ക് മുന്നിൽ തുറന്നിടുന്നത്.
ഐഎസ്ആർഒയ്ക്ക് നിർണായക ഘടകങ്ങൾ നൽകിയ ഗോദ്‌റെജ് ഇൻഡസ്‌ട്രീസിന്റെ ഓഹരികൾ 8 ശതമാനത്തിലധികം ഉയർന്നു. ചന്ദ്രന്റെ പര്യവേക്ഷണം ചെയ്യപ്പെടാത്ത ദക്ഷിണധ്രുവത്തിൽ ഇറങ്ങിയ ആദ്യ രാജ്യമായി ഇന്ത്യയെ മാറ്റുന്നതിൽ പങ്കുവഹിച്ച കമ്പനികളുടെ പട്ടിക വളരെ വലുതാണ്. ചാന്ദ്രദൗത്യത്തിന് പിന്നാലെ ഇന്ത്യ പ്രഖ്യാപിച്ച സൗരദൗത്യമായ ആദിത്യ എൽ 1 കൂടെ വരാനിരിക്കുന്നതോടെ ഓഹരിവിപണിയിൽ വൻ കുതിച്ചുചാട്ടമാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.