ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ 306 സീറ്റുകളുടെ ഭൂരിപക്ഷത്തോടെ അധികാരത്തില് തുടരുമെന്ന് ഇന്ത്യാ ടുഡേ-സിവോട്ടര് മൂഡ് ഓഫ് ദി നേഷന്‍ സര്‍വേ ഫലം.
ഒരു രാഷ്ട്രീയ പാര്‍ട്ടിക്കോ സഖ്യത്തിനോ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ 272 എന്ന മാന്ത്രിക സംഖ്യ എന്‍ഡിഎ മറികടക്കുമെന്ന് സര്‍വേ വെളിപ്പെടുത്തി. മൂഡ് ഓഫ് ദി നേഷന്‍ സര്‍വേ പ്രകാരം എന്‍ഡിഎ 306 സീറ്റുകളും പ്രതിപക്ഷത്തിന്റെ ഇന്ത്യന്‍ സഖ്യം 193 സീറ്റുകളും മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ 44 സീറ്റുകളും നേടും.
എന്നാല്‍, 2019 ലെ പൊതുതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ നേടിയ 357 സീറ്റുകളെ വെച്ച് നോക്കുമ്പോള്‍ 306 എന്നത് കുറവാണ്. എന്നാല്‍ താഴെയാണെങ്കിലും 2024ലും എന്‍ഡിഎയ്ക്ക് തന്നെയാണ് ഭൂരിപക്ഷമെന്ന് സര്‍വേയില്‍ പറയുന്നു.
അതേസമയം, പുതുതായി രൂപീകരിച്ച ഇന്ത്യന്‍ സഖ്യത്തിന്റെ സീറ്റ് വിഹിതം വന്‍തോതില്‍ ഉയര്‍ന്നു. സഖ്യം 153 സീറ്റുകള്‍ നേടുമെന്ന് ജനുവരിയില്‍ നടത്തിയ സര്‍വേ പ്രവചിച്ചിരുന്നു. ഇപ്പോള്‍, ഓഗസ്റ്റ് പതിപ്പില്‍ നടന്ന വോട്ടെടുപ്പില്‍ സീറ്റ് വിഹിതം 193 ആയെന്നാണ് സര്‍വേയില്‍ പറയുന്നത്.