EBM News Malayalam
Leading Newsportal in Malayalam

‘ചന്ദ്രയാന്‍ വാജ്‌പേയിയുടെ ആശയം’: ചന്ദ്രയാന്റെ വിജയം അദ്ദേഹത്തിന് അവകാശപ്പെട്ടതെന്ന് കേന്ദ്രമന്ത്രി


ഡല്‍ഹി: ചന്ദ്രയാന്‍3 വിക്ഷേപണം വിജയകരമായതിന് പിന്നാലെ, വിജയത്തിന് പിന്നില്‍ തങ്ങളാണെന്ന അവകാശപ്പെട്ട് കോണ്‍ഗ്രസ് രംഗത്ത് എത്തിയിരുന്നു. ജവാഹര്‍ലാല്‍ നെഹ്‌റുവാണ് ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രത്തിന് അടിത്തറ പാകിയതെന്നും അദ്ദേഹത്തിന്റെ പ്രയത്‌നത്തിന്റെ ഫലമാണ് ചന്ദ്രയാന്റെ വിജയമെന്നും കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു.എന്നാൽ, ഇതിനെ എതിർത്ത് ബിജെപിയും രംഗത്ത് വന്നു. ചന്ദ്രയാന്‍ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയുടെ ആശയമാണെന്ന് കേന്ദ്രമന്ത്രി അര്‍ജുന്‍ രാം മേഘ്‌വാള്‍ അവകാശപ്പെട്ടു.

‘ഐഎസ് ആര്‍ഓ സ്ഥാപിച്ചതാരാണോ അവര്‍ക്കാണ് ചന്ദ്രയാന്റെ വിജയം അവകാശപ്പെട്ടത്. അവരോട് ഞാന്‍ നന്ദിയറിയിക്കുന്നു. പക്ഷേ ചന്ദ്രയാന്‍ മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയുടെ ആശയമാണ്. 1999ല്‍ അദ്ദേഹം പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് ചാന്ദ്രദൗത്യത്തിന് അനുമതി നല്‍കുന്നത്. ചന്ദ്രനെക്കുറിച്ച് പഠിക്കാനുള്ള പദ്ധതിയുമായി മുന്നോട്ട് പോവണമെന്ന് ശാസ്ത്രജ്ഞരോട് ആവശ്യപ്പെട്ടതും ദൗത്യത്തിന്റെ പേര് സോമയാനില്‍ നിന്ന് ചന്ദ്രയാന്‍ എന്നാക്കി മാറ്റിയതും വാജ്‌പേയിയാണ്. അങ്ങനെയുള്ളപ്പോള്‍ ചന്ദ്രയാന്റെ വിജയം അദ്ദേഹത്തിന് അവകാശപ്പെട്ടതല്ലേ,’ എന്ന് അര്‍ജുന്‍ രാം മേഘ്‌വാള്‍ ചോദിച്ചു.