EBM News Malayalam
Leading Newsportal in Malayalam

ആറ് മാസം പ്രായമുള്ള കുട്ടിയെയും അമ്മയെയും ഫ്ലാറ്റിലെ ലിഫ്റ്റില്‍ വച്ച് നായ ആക്രമിച്ചു: ഉടമസ്ഥനെതിരെ കേസ്


ഗുരുഗ്രാമം: ആറ് മാസം പ്രായമുള്ള കുട്ടിയെയും അമ്മയെയും ഫ്ലാറ്റിലെ ലിഫ്റ്റില്‍ വച്ച് നായ ആക്രമിച്ച സംഭവത്തില്‍ നായയുടെ ഉടമസ്ഥനെതിരെ കേസെടുത്ത് പൊലീസ്. ആക്രമണത്തില്‍ അമ്മക്കും കുഞ്ഞിനും സാരമായി പരിക്കേറ്റിട്ടുണ്ട്. ഗുരുഗ്രാമത്തിലെ യുനിടെക് ഫ്രെസ്കോ അപ്പാര്‍ട്ട്മെന്റില്‍ വച്ചാണ് സംഭവം.

യുനിടെക് ഫ്രെസ്കോയിലെ താമസക്കാരനായ ബ്രിട്ടീഷ് പൗരന്‍ ജസ്‍വിന്ദര്‍ സിങാണ് പരാതി നല്‍കിയത്. രാത്രി 11 മണിയോടെ ഏഴാം നിലയില്‍ നിന്ന് ഭാര്യയ്ക്കും ആറ് മാസം പ്രായമുള്ള മകനുമൊപ്പം ലിഫ്റ്റില്‍ കയറി. കെട്ടിടത്തിന്റെ ബേസ്മെന്റ് ഫ്ലോറിലേക്ക് പോവുകയായിരുന്നു. ലിഫ്റ്റ് അഞ്ചാം നിലയില്‍ നിര്‍ത്തിയ സമയം ഒരു വളര്‍ത്തുനായ പെട്ടെന്ന് ലിഫ്റ്റിനകത്തേക്ക് വരികയും കുട്ടിയെയും ഭാര്യയെയും ആക്രമിക്കുകയുമായിരുന്നു.

നായയുടെ ഉടമസ്ഥനായ വൃദ്ധി ലൂംബ എന്നയാളാണ് സംഭവത്തിന് ഉത്തരവാദിയെന്നും ഇയാള്‍ നായയെ അഴിച്ചുവിട്ടിരിക്കുകയായിരുന്നുവെന്നും ആണ് പരാതിയില്‍ പറയുന്നത്.