ഡൽഹി: പരമ്പരാഗത വൈദഗ്ധ്യത്തിൽ ഏർപ്പെട്ടിരിക്കുന്ന കരകൗശല തൊഴിലാളികളുടെ ഉപജീവന സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് അംഗീകാരം നൽകി കേന്ദ്രസർക്കാർ. സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശ്വകർമ യോജന പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ തീരുമാനം.
പരമ്പരാഗത വൈദഗ്ധ്യമുള്ള ആളുകളെ പിന്തുണയ്ക്കുന്നതിനായി ‘പിഎം വിശ്വകർമ’ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകിയതായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. 13,000 കോടി രൂപയുടെ പദ്ധതിയാണ് വിശ്വകർമ യോജനയ്ക്ക് കീഴിൽ വരുന്നതെന്നും ഇതിലൂടെ കരകൗശല തൊഴിലാളികൾക്ക് 2 ലക്ഷം രൂപ വരെ സബ്‌സിഡി വായ്പ ലഭിക്കുമെന്നും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. 5% പലിശ നിരക്കിലാണ് വായ്പ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ വിമാനത്താവളത്തിലെ ആദ്യ എയർ കാർഗോ സർവീസ് നാളെ ആരംഭിക്കും, പറന്നുയരുക ഈ രാജ്യത്തേക്ക്
പരമ്പരാഗത കരകൗശല തൊഴിലാളികൾക്ക് സാമ്പത്തിക സഹായം നൽകുന്നതിൽ ഈ പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കും. ഇതിന് പുറമെ വിപുലമായ നൈപുണ്യ പരിശീലനവും പദ്ധതി നൽകും. നൈപുണ്യ പരിശീലനത്തിന് 500 രൂപ സ്റ്റൈപ്പൻഡും ആധുനിക ഉപകരണങ്ങൾ വാങ്ങാൻ 1500 രൂപയും നൽകും.
ലിബറൽ വ്യവസ്ഥകളിൽ വായ്പ ലഭ്യത, നൈപുണ്യ നവീകരണം, ടൂൾകിറ്റ് പ്രോത്സാഹനം, ഡിജിറ്റൽ ഇടപാടുകൾക്കുള്ള പ്രോത്സാഹനം, വിപണന പിന്തുണ എന്നിവ ഉറപ്പാക്കിക്കൊണ്ട് പരമ്പരാഗത തൊഴിലാളികൾക്ക് സമഗ്രമായ പിന്തുണ നൽകുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതിയുടെ രജിസ്‌ട്രേഷൻ ഗ്രാമങ്ങളിലെ പൊതു സേവന കേന്ദ്രങ്ങളിൽ നടത്താം. പദ്ധതിയുടെ മുഴുവൻ ഫണ്ടും കേന്ദ്രസർക്കാർ വഹിക്കും. 30 ലക്ഷം കുടുംബങ്ങൾക്ക് വിശ്വകർമ യോജനയുടെ പ്രയോജനം ലഭിക്കുമെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു.