EBM News Malayalam
Leading Newsportal in Malayalam

ഇന്ത്യൻ മഹാസമുദ്രത്തിൽ വീണ്ടും നങ്കൂരമിട്ട് ചൈനീസ് ചാരക്കപ്പൽ, നങ്കൂരമിട്ടത് ഇന്ത്യയുടെ എതിർപ്പ് അവഗണിച്ച്


ഇന്ത്യയുടെ എതിർപ്പുകൾ അവഗണിച്ച് ഇന്ത്യൻ മഹാസമുദ്രത്തിൽ നങ്കൂരമിട്ട് ചൈനീസ് കപ്പൽ. ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ യുദ്ധക്കപ്പലായ ‘ഹായ് യാങ് ഹാവോ’ ആണ് ഇന്ത്യൻ മഹാസമുദ്രത്തിലൂടെ കൊളംബോ തീരത്ത് എത്തിയിരിക്കുന്നത്. 138 അംഗം സംഘമാണ് കപ്പലിൽ ഉള്ളത്. ശ്രീലങ്കൻ നാവികസേന തന്നെയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്. പ്രകോപനകരമായ കടന്നുകയറ്റമാണ് ചൈനീസ് നിരീക്ഷണ കപ്പൽ നടത്തുന്നതെന്ന് വിദഗ്ധർ വ്യക്തമാക്കി.

കൊളംബോ തീരത്ത് എത്തിയ ഹായ് യാങ് ഹാവോ കപ്പലിനെ കുറിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിട്ടുണ്ട്. രാജ്യസുരക്ഷയെ ബാധിക്കുന്ന എല്ലാ കാര്യങ്ങളും ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുന്നുണ്ടെന്നും, പ്രതിരോധിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വർഷം ഓഗസ്റ്റ് മാസത്തിലും സമാനമായ രീതിയിൽ ചൈനീസ് കപ്പൽ ശ്രീലങ്കൻ തീരത്ത് എത്തിയിരുന്നു. ശ്രീലങ്കയിലെ ഹംമ്പൻതോട്ട തുറമുഖത്തിൽ ചൈനീസ് നിരീക്ഷണ കപ്പലായ യുവാൻ വാങ്-5 ആണ് മുൻപ് നങ്കൂരമിട്ടത്. ബാലിസ്റ്റിക് മിസൈൽ അടക്കമുള്ള ഉപഗ്രഹ ട്രാക്കിംഗ് കപ്പൽ കൂടിയായിരുന്നു യുവാൻ വാങ്-5.

യുവാൻ വാങ്-5 ശ്രീലങ്കൻ തീരത്ത് നങ്കൂരമിട്ടതിൽ ഇന്ത്യ ശക്തമായ എതിർപ്പ് അറിയിച്ചിരുന്നു. ഇന്ത്യൻ മഹാസമുദ്രത്തിലെ കടലിടുക്കുകളുടെ ദൂര പരിധിയും, ആഴവും അളക്കാൻ ചാരക്കപ്പലിന്റെ മാപ്പിംഗിലൂടെ സാധിക്കും. ഇതിലൂടെ ചൈനീസ് അന്തർ വാഹിനികൾക്ക് സമുദ്രത്തിന്റെ ആഴത്തട്ടിലെ സാഹചര്യത്തെക്കുറിച്ച് പഠിക്കാൻ സാധിക്കുമെന്ന് യുവാൻ വാങ്-5 കപ്പൽ വന്ന സമയത്ത് ശ്രീലങ്കയ്ക്ക് ഇന്ത്യ മുന്നറിയിപ്പ് നൽകിയിരുന്നു.