മംഗളുരു : കഞ്ചാവ് അടക്കമുള്ള ലഹരി മരുന്നുകൾ മിഠായികളിൽ ചേർത്ത് കുട്ടികൾക്ക് വില്പന നടത്തുന്നതായി കണ്ടെത്തി. മംഗളുരുവിൽ പോലീസ് നടത്തിയ റെയ്ഡിൽ ഇത്തരത്തിലുള്ള 118 കിലോ ലഹരി മിഠായികൾ ആണ് കണ്ടെത്തിയത്. ഈ മിഠായികൾ വില്പന നടത്തിവന്ന രണ്ട് വ്യാപാരികളെ പോലീസ് അറസ്റ്റ് ചെയ്തു. മംഗളുരു നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലെ രണ്ടു കടകളിൽനിന്നാണ് പോലീസ് ലഹരി മിഠായികൾ കണ്ടെത്തിയത്.
കഞ്ചാവ് അടക്കമുള്ളവ ചേർത്താണ് ഈ മിഠായികൾ നിർമ്മിച്ചിട്ടുള്ളത്. ഒരു മിഠായിക്ക് 20 രൂപ നിരക്കിൽ ആയിരുന്നു കടകളിൽ ഇത് വിറ്റിരുന്നത്. കുട്ടികൾക്കിടയിൽ വലിയ ഡിമാൻഡായിരുന്നു ഇവയ്ക്ക് ഉണ്ടായിരുന്നത്. ലഹരി മിഠായികൾ കഴിച്ച കുട്ടികളുടെ പെരുമാറ്റത്തിൽ അസ്വാഭാവിക മാറ്റങ്ങൾ ശ്രദ്ധയിൽ പെട്ടതോടെ ചില രക്ഷിതാക്കളാണ് പോലീസിൽ വിവരമറിയിക്കുന്നത്.
ഇതിനെ തുടർന്നാണ് പോലീസ് ഈ കടകളിൽ റെയ്ഡ് നടത്തുന്നത്. ആദ്യമൊക്കെ കുട്ടികളറിയാതെ നൽകുകയായിരുന്നു. പിന്നീട് കുട്ടികൾക്ക് ഇതില്ലാതെ പറ്റില്ലെന്നായി. ഇതാണ് അന്വേഷണത്തിന് കാരണമായത്.
ഒരു കടയിൽനിന്ന് 83 കിലോഗ്രാം മിഠായിയും മറ്റൊരു കടയിൽനിന്ന് 35 കിലോഗ്രാം മിഠായിയും ആണ് പിടികൂടിയത്.
ആദ്യ പരിശോധനയിൽ തന്നെ ലഹരി കണ്ടെത്തിയെങ്കിലും വിശദമായ പരിശോധനയ്ക്കായി മിഠായികളുടെ സാംപിളുകൾ ഫോറൻസിക് സയൻസ് ലാബിലേക്ക് അയച്ചിരിക്കുകയാണ്. അറസ്റ്റ് ചെയ്ത പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.