EBM News Malayalam
Leading Newsportal in Malayalam

മാസ്റ്റർ മിനറലായ മഗ്നീഷ്യം ശരീരത്തിന് ഏറ്റവും അത്യാവശ്യം വേണ്ട ഒരു ഘടകം, ഇത് ലഭിക്കുന്ന ഭക്ഷണങ്ങൾ ഇവ


ശരീരത്തിന്റെ പല പ്രവര്‍ത്തനങ്ങള്‍ക്കും അത്യാവശ്യമായി വേണ്ട ഒന്നാണ് മഗ്‌നീഷ്യം. ഹൃദയത്തിന്റെ ആരോഗ്യത്തിനും മഗ്‌നീഷ്യം ആവശ്യമാണ്. ശരീരത്തില്‍ മഗ്‌നീഷ്യം കുറഞ്ഞാല്‍ അത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കാം. എല്ലുകളുടെയും പേശികളുടെയുമൊക്കെ ആരോഗ്യത്തിന് മഗ്‌നീഷ്യം വളരെ ആവശ്യമുള്ളതാണ്. മഗ്‌നീഷ്യത്തിന്റെ അഭാവം എല്ലുകളുടെ ബലക്കുറവ്, കാല്‍സിഫിക്കേഷന്‍ സാധ്യത എന്നിവ വര്‍ധിപ്പിച്ചേക്കാം.

ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കാനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും മഗ്‌നീഷ്യം സഹായിക്കും. മഗ്‌നീഷ്യം ശരീരത്തിന് വളരെ പ്രധാനപ്പെട്ട ഒരു ധാതുവാണ്, അതിനാല്‍ ഇതിനെ ‘മാസ്റ്റര്‍ മിനറല്‍’ എന്ന് വിളിക്കുന്നു. നിങ്ങളുടെ ഹൃദയപേശികളെ ശക്തിപ്പെടുത്തുകയും രോഗങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തുകയും ചെയ്യുന്ന മഗ്‌നീഷ്യം അടങ്ങിയ അഞ്ച് ഭക്ഷണങ്ങളെക്കുറിച്ചാണ് പറയുന്നത്.

1. ഡാര്‍ക്ക് ചോക്ലേറ്റ്

ഡാര്‍ക്ക് ചോക്ലേറ്റ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഡാര്‍ക്ക് ചോക്ലേറ്റില്‍ 64 മില്ലിഗ്രാമോളം മഗ്‌നീഷ്യം അടങ്ങിയിട്ടുണ്ട്. അതിനാല്‍ മഗ്‌നീഷ്യത്തിന്റെ അഭാവം ഇല്ലാതാക്കാന്‍ ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കാം. കൂടാതെ ഇവയില്‍ അയേണ്‍, കോപ്പര്‍, ഫൈബര്‍ തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്.

2. നട്‌സ്

നട്‌സ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മഗ്‌നീഷ്യം ധാരാളം അടങ്ങിയ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്. ശരീരഭാരം നിയന്ത്രിക്കാനും നട്‌സ് സഹായിക്കും. ഹൃദയത്തിന്റെ ആരോഗ്യത്തിനും ഇവ ഗുണം ചെയ്യും.

3. അവക്കാഡോ പഴം

ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് അവക്കാഡോ പഴം അഥവാ വെണ്ണപ്പഴം. അവക്കാഡോയില്‍ വിറ്റാമിനുകളും ആന്റി ഓക്സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ മഗ്‌നീഷ്യവും ഇവയില്‍ അടങ്ങിയിട്ടുണ്ട്. സാധാരണ വലുപ്പത്തിലുള്ള ഒരു അവക്കാഡോയില്‍ 58 മില്ലിഗ്രാമോളം മഗ്‌നീഷ്യം ആണ് അടങ്ങിയിരിക്കുന്നത്. ഫൈബറും ഇവയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.

4. വാഴപ്പഴം

നേന്ത്രപ്പഴമാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പൊട്ടാസ്യത്തിന്റെ ഉറവിടമായ ഇവ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. മഗ്‌നീഷ്യവും നേന്ത്രപ്പഴത്തില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. വലിയ ഒരു നേന്ത്രപ്പഴത്തില്‍ ഏകദേശം 37 മില്ലിഗ്രാം മഗ്‌നീഷ്യം അടങ്ങിയിട്ടുണ്ട്.

5. പച്ച ഇലക്കറികള്‍

ഇലക്കറികളിലും മഗ്‌നീഷ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ ചീര പോലുള്ള ഇലക്കറികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിനും ചീര നല്ലതാണ്. കൂടാതെ മത്തങ്ങക്കുരു, എള്ള്, ഫ്‌ലക്‌സ് സീഡ്, പയര്‍വര്‍ഗങ്ങള്‍, തുടങ്ങിയവയിലൊക്കെ മഗ്‌നീഷ്യം ധാരാളമായി അടങ്ങിയിരിക്കുന്നു.



വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y