ശബരിമല സ്വര്ണക്കൊള്ള എസ്ഐടി നടന് ജയറാമിന്റെ മൊഴിയെടുത്തു | Sabarimala Gold Theft Case SIT quizzes Actor Jayaram | കേരള വാർത്ത
Last Updated:
സ്വർണ്ണ വ്യാപാരി ഗോവർദ്ധനെ തനിക്ക് പരിചയമുണ്ടെന്നും ജയറാം അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ നിർണ്ണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം (SIT). കേസിന്റെ ഭാഗമായി നടൻ ജയറാമിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ചെന്നൈയിലെ അദ്ദേഹത്തിന്റെ വസതിയിൽ വെച്ചായിരുന്നു മൊഴിയെടുക്കൽ നടന്നത്.
കേസിലെ പ്രധാനിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ച് ജയറാം മൊഴി നൽകി. ശബരിമലയിൽ വെച്ചാണ് പോറ്റിയെ പരിചയപ്പെട്ടതെന്നും തന്റെ വീട്ടിലെ പൂജകൾക്കായി അദ്ദേഹം എത്താറുണ്ടായിരുന്നുവെന്നും ജയറാം വ്യക്തമാക്കി. എന്നാൽ സ്വർണ്ണക്കൊള്ളയെക്കുറിച്ചോ തട്ടിപ്പിനെക്കുറിച്ചോ തനിക്ക് അറിവില്ലായിരുന്നുവെന്ന് അദ്ദേഹം മൊഴി നൽകി. കട്ടിളപാളി സ്മാർട്ട് ക്രിയേഷനിലെ പൂജയിലും കോട്ടയം ഇളംപള്ളി ക്ഷേത്രത്തിലേക്ക് വാതിൽപാളികൾ എത്തിച്ചുള്ള ഘോഷയാത്രയിലും പോറ്റിയുടെ ക്ഷണപ്രകാരം പങ്കെടുത്തതായും അദ്ദേഹം സമ്മതിച്ചു. സ്വർണ്ണ വ്യാപാരി ഗോവർദ്ധനെ തനിക്ക് പരിചയമുണ്ടെന്നും ജയറാം അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. ജയറാമിനെ കേസിൽ സാക്ഷിയാക്കാനാണ് എസ്.ഐ.ടിയുടെ നീക്കം.
ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിൽ പതിപ്പിക്കാനായി ദേവസ്വം ബോർഡ് ഔദ്യോഗികമായി ഉത്തരവിറക്കി ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപ്പിച്ച 14 സ്വർണ്ണപ്പാളികളാണ് ജയറാമിന്റെ വീട്ടിലെത്തിച്ച്, 2019-ലാണ് പൂജ നടത്തിയത്. ചെന്നൈയിൽ വെച്ച് ഈ പാളികളിൽ സ്വർണ്ണം പൂശിയ ശേഷം, അവ ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളുടെ രൂപത്തിലാക്കി ജയറാമിന്റെ വസതിയിൽ വെച്ച് പ്രത്യേക പൂജകൾ നടത്തുകയായിരുന്നു. ദേവസ്വം ബോർഡിന്റെ അനുമതിയോടെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം നൽകിയ സ്വർണ്ണമാണ് ഇത്തരത്തിൽ സ്വകാര്യ ചടങ്ങുകൾക്കായി ഉപയോഗിക്കപ്പെട്ടതെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
അതേസമയം, കേസിലെ കുറ്റപത്രം സമർപ്പിക്കുന്ന കാര്യത്തിൽ അന്വേഷണ സംഘം ഗുരുതര വീഴ്ച വരുത്തുന്നതായി ആരോപണമുയരുന്നു. അറസ്റ്റിലായ 12 പ്രതികളിൽ 9 പേർക്കെതിരെ കുറ്റപത്രം നൽകാൻ സർക്കാരിന്റെ പ്രോസിക്യൂഷൻ അനുമതി ആവശ്യമാണ്. എന്നാൽ ഇതുവരെ അനുമതി തേടാൻ അന്വേഷണ സംഘം തയ്യാറായിട്ടില്ല. ഈ കാലതാമസം മുതലെടുത്ത് എൻ. വാസു ഉൾപ്പെടെയുള്ള പ്രതികൾ സ്വാഭാവിക ജാമ്യത്തിനായി കോടതിയെ സമീപിച്ചിരിക്കുകയാണ്. നടപടികൾ വൈകുന്നത് പ്രതികൾക്ക് പുറത്തിറങ്ങാൻ പഴുതൊരുക്കുമെന്ന ആശങ്കയും ശക്തമാണ്.
Ernakulam,Kerala
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y
