EBM News Malayalam
Leading Newsportal in Malayalam

കോഴിക്കോടും കോട്ടയത്തുമായി രണ്ട് വാഹനാപകടങ്ങളിൽ 6 മരണം| Six Killed in Two Separate Road Accidents in Kozhikode and Kottayam | Kerala


Last Updated:

കോഴിക്കോട് കുന്ദമംഗലത്ത് പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ രണ്ടുപേരും വാന്‍ ഡ്രൈവറുമാണ് മരിച്ചത്. കോട്ടയം കുറവിലങ്ങാട് മോനിപ്പള്ളിക്ക് സമീപം എംസി റോഡിൽ വാഹനാപകടത്തിൽ കുട്ടി ഉൾപ്പെടെ 3 പേരാണ് മരിച്ചത്

News18
News18

കോഴിക്കോടും കോട്ടയത്തുമായി നടന്ന രണ്ട് വാഹനാപകടങ്ങളിൽ 6 മരണം. കോഴിക്കോട് പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ രണ്ടുപേരും വാന്‍ ഡ്രൈവറുമാണ് മരിച്ചത്. വാവാട് സ്വദേശി നിഹാൽ, ഈങ്ങാപ്പുഴ സ്വദേശി സുബിക്, വയനാട് ജില്ലയിലെ പൊഴുതന സ്വദേശി സമീർ എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. അപകടത്തിൽ മറ്റ് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റതായി പോലീസ് പറഞ്ഞു.

കുന്ദമംഗലം പതിമംഗലത്താണ് അപകടമുണ്ടായത്. പുലര്‍ച്ചെ 2.50 ഓടെയായിരുന്നു അപകടം. എതിര്‍ദിശയില്‍ വന്ന വാഹനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നു. വയനാട് ഭാഗത്തു നിന്നും കുന്ദമംഗലം ഭാഗത്തേക്ക് വരികയായിരുന്നു വാനും കുന്ദമംഗലം ഭാഗത്തു നിന്നും കൊടുവള്ളി ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമാണ് അപകടത്തിൽ പെട്ടത്. വാഹനങ്ങള്‍ പൂര്‍ണമായും തകര്‍ന്ന നിലയിലായിരുന്നു. വെള്ളിമാടുകുന്നില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്.

കോട്ടയം കുറവിലങ്ങാട് മോനിപ്പള്ളിക്ക് സമീപം എംസി റോഡിൽ വാഹനാപകടത്തിൽ കുട്ടി ഉൾപ്പെടെ 3 പേരാണ് മരിച്ചത്. മോനിപ്പള്ളിക്കും കൂത്താട്ടുകുളത്തിനുമിടയിൽ ആറ്റിക്കലിലായിരുന്നു അപകടം. കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന 3 പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. അപകടത്തിൽ മൂന്നു പേ‍ർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

രാവിലെ 11മണിയോടെയായിരുന്നു അപകടം. ഏറ്റുമാനൂർ നീണ്ടൂർ ഓണംതുരുത്ത് കുറുപ്പൻ പറമ്പിൽ സുരേഷ് കുമാർ ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന സ്ത്രീയും കുട്ടിയും മരിച്ചിട്ടുണ്ട്. ഇവരുടെ പേര് വിവരങ്ങൾ ലഭ്യമല്ല. മരിച്ചവർ മൂവാറ്റുപുഴ ഭാഗത്തുനിന്ന് ഏറ്റുമാനൂരിലേക്ക് വരികയായിരുന്നു.

കോട്ടയം – കൂത്താട്ടുകുളം റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ഓർഡിനറി ബസാണ് കാറുമായി കൂട്ടിയിടിച്ചത്. കൂത്താട്ടുകുളത്ത് നിന്ന് അഗ്നിരക്ഷാ സേന എത്തി കാർ വെട്ടിപൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. അപകടത്തെ തുടർന്ന് എംസി റോഡിൽ ഏറെ നേരം വാഹനഗതാഗതം തടസപ്പെട്ടു.

വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y