കൊട്ടിയം: ഭാരതത്തിന്റെ ഉരുക്ക് മനുഷ്യൻ സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മദിനമായ രാഷ്ട്രീയ ഏകതാ ദിനം ലഹരി വിരുദ്ധ പോരാട്ടത്തിന്റെ വേദിയാക്കി കൊട്ടിയം പോലീസ്. ‘റൺ ഫോർ യൂണിറ്റി’, ‘റൺ എഗൈൻസ്റ്റ് ഡ്രഗ്‌സ്’ എന്നീ പ്രമേയങ്ങൾ ഉയർത്തിപ്പിടിച്ച് കൊട്ടിയം പോലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തിൽ വിപുലമായ കൂട്ടയോട്ടം സംഘടിപ്പിച്ചു.

ഒക്ടോബർ 31-ന് നടന്ന കൂട്ടയോട്ടത്തിൽ പോലീസ് ഉദ്യോഗസ്ഥർക്ക് പുറമെ വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, നാട്ടിലെ പ്രമുഖ വ്യക്തികൾ എന്നിവർ പങ്കെടുത്തു. ദേശസ്നേഹവും ലഹരിവിരുദ്ധ അവബോധവും ഒരേപോലെ വിളിച്ചോതുന്നതായിരുന്നു ഈ ദൗത്യം.
കൊല്ലം സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് (എ.സി.പി.) പ്രദീപ്കുമാർ, ചാത്തന്നൂർ എ.സി.പി. അലക്സാണ്ടർ തങ്കച്ചൻ, കൊട്ടിയം സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്.എച്ച്.ഒ.) പ്രദീപ് എന്നിവർ ചേർന്നാണ് കൂട്ടയോട്ടത്തിന് നേതൃത്വം നൽകിയത്.
മുഖത്തല എം.ജി.ടി.എച്ച്.എസ്., എൻ.എസ്.എം.ജി.എച്ച്.എസ്. കൊട്ടിയം എന്നിവിടങ്ങളിലെ സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾ (എസ്.പി.സി.), അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ പോലീസ് ഉദ്യോഗസ്ഥരോടൊപ്പം അണിചേർന്നു. സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ നിതിൻ നളൻ, വിഷ്ണു, ഡി.എച്ച്.ക്യു. സബ് ഇൻസ്പെക്ടർ വൈ. സാബു എന്നിവരും പരിപാടിയിൽ സജീവമായി പങ്കെടുത്തു.
ദേശീയ ഐക്യത്തിന്റെ സന്ദേശവും ലഹരിയുടെ ദുരന്തങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പും നൽകി നൂറുകണക്കിന് പേർ പങ്കെടുത്ത കൂട്ടയോട്ടം ശ്രദ്ധേയമായി.