EBM News Malayalam
Leading Newsportal in Malayalam

‘റസീനയുടെ മരണത്തിന് പിന്നിൽ ആൺ സുഹൃത്ത്, 40 പവനും പണവും തട്ടി’; അറസ്റ്റിലായ മക്കൾ പാവങ്ങളെന്ന് മാതാവ്| kannur raseena death case mother statement infavour of accused


Last Updated:

പൊലീസ് അറസ്റ്റ് ചെയ്തവർ നിരപരാധികളാണ്. സദാചാര പൊലീസിങ് നടന്നിട്ടില്ലെന്നും മരിച്ച റസീനയുടെ ഉമ്മ പറയുന്നു

പറമ്പായി സ്വദേശികളായ എം സി മൻസിലിൽ വി സി മുബഷീർ (28), കണിയാന്റെ വളപ്പിൽ കെ‌ എ ഫൈസൽ (34), കൂടത്താൻകണ്ടി ഹൗസിൽ വി കെ റഫ്നാസ് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്
പറമ്പായി സ്വദേശികളായ എം സി മൻസിലിൽ വി സി മുബഷീർ (28), കണിയാന്റെ വളപ്പിൽ കെ‌ എ ഫൈസൽ (34), കൂടത്താൻകണ്ടി ഹൗസിൽ വി കെ റഫ്നാസ് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്
കണ്ണൂർ: പിണറായി കായലോട് 40കാരിയായ റസീന ജീവനൊടുക്കിയ സംഭവത്തിൽ പിടിയിലായ എസ്‌ഡിപിഐ പ്രവർത്തകരായ പ്രതികളെ അനുകൂലിച്ചും പൊലീസിനെ വിമർശിച്ചും മരിച്ച യുവതിയുടെ ഉമ്മ. പ്രതികൾ കുറ്റക്കാരല്ലെന്നും പൊലീസിൻ്റെ വാദം തെറ്റാണെന്നും റസീനയുടെ ഉമ്മ ഫാത്തിമ പ്രതികരിച്ചു.‌ മരണത്തിന് പിന്നി​ൽ മയ്യിൽ സ്വദേശിയായ ആൺസുഹൃത്താണെന്നും അയാൾ റസീനയുടെ 40 പവൻ സ്വർണവും പണവും തട്ടിയെടുത്തുവെന്നും റസീനയുടെ മാതാവ് ഫാത്തിമ മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് അറസ്റ്റ് ചെയ്തവർ നിരപരാധികളാണ്. സദാചാര പൊലീസിങ് നടന്നിട്ടില്ലെന്നും അവർ പറഞ്ഞു.

‘ഇയാളുമായി കൂട്ടുകെട്ട് തുടങ്ങിയ ശേഷം നമ്മളെ കണ്ടുകൂടാത്ത രീതിയിലായിരുന്നു പെരുമാറ്റം. ഇവൻ അവിടെ വരുന്ന വിവരം രണ്ടു ദിവസം മുമ്പാണ് അറിഞ്ഞത്. എന്റെ മോൾക്ക് നീതി കിട്ടണം. ഇഷ്ടംപോലെ സ്വർണം ഉണ്ടായിരുന്നു. 40 പവനോളം നൽകിയാണ് വിവാഹം കഴിപ്പിച്ചത്. ഇപ്പോൾ സ്വർണം ഒന്നുമില്ല, കുറേ പേരോട് കടവും വാങ്ങിയിട്ടുണ്ട്. മരണശേഷമാണ് ഓരോരുത്തർ വന്ന് കടം വാങ്ങിയതിന്റെ കണക്ക് പറയുന്നത്. അവൻ മോളെ ചൂഷണം ചെയ്തിട്ടുണ്ട് എന്നാണ് തോന്നുന്നത്. ഒന്നുരണ്ടു തവണ കാറിൽ കയറി പോകുന്നത് ചിലർ കണ്ടിരുന്നു. ഇപ്പോൾ അറസ്റ്റിലായവർ പാവങ്ങളാണ്. എന്റെ ചേച്ചിയുടെ മക്കളാണ്. അവർ നല്ലതിന് വേണ്ടിയാണ് ചെയ്തത്. അവർ കാറിൽനിന്ന് ഇറക്കി സ്കൂട്ടറിൽ വീട്ടിൽ കൊണ്ടുവിടുകയാണ് ചെയ്തത്. വേറെ ഒന്നും അവർ ചെയ്തിട്ടില്ല’ – മാതാവ് പറഞ്ഞു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് റസീനയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സദാചാര ആക്രമണമെന്നരോപിച്ച് എസ്ഡിപിഐ പ്രവർത്തകരായ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പൊലീസ് അറസ്റ്റ് ചെയ്തവരെല്ലാം യുവതിയുടെ ബന്ധുക്കളാണ്. സദാചാര ആക്രമണം തന്നെയെന്നും തെളിവുണ്ടെന്നും പൊലീസ് വ്യക്തമാക്കി. പറമ്പായി സ്വദേശികളായ വി സി മുബഷിർ, കെ എ ഫൈസൽ, വി കെ റഫ്നാസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആൺസുഹൃത്തുമായി കാറിൽ ഒരുമിച്ച് കണ്ടതിന്റെ പേരിൽ പരസ്യ വിചാരണ നടത്തിയ മനോവിഷമത്തിലാണ് പറമ്പായി സ്വദേശി റസീന ജീവനൊടുക്കിയതെന്നാണ് പൊലീസ് പറയുന്നത്.

കണ്ണൂർ മയ്യിൽ സ്വദേശിയായ യുവാവിനൊപ്പം അച്ചങ്കര പള്ളിക്ക് സമീപം കാറിൽ സംസാരിച്ചിരിക്കുകയായിരുന്നു റസീന. നിലവിൽ അറസ്റ്റിലായ യുവാക്കൾ ഇരുവരെയും ചോദ്യം ചെയ്തു. കൂടുതൽ ആൾക്കാരെ വിളിച്ചുവരുത്തി പരസ്യമായി അപമാനിച്ചെന്നും റസീനയുടെ കുറിപ്പിലുണ്ടെന്ന് പൊലീസ് പറയുന്നു. തുടർന്ന് യുവാവിനെ സമീപത്തെ മൈതാനത്ത് എത്തിച്ച് ക്രൂരമായി മർദിച്ചെന്നും മൊബൈൽ ഫോണും ടാബും പ്രതികൾ കൈക്കലാക്കിയെന്നും പരാതിയുണ്ട്. പിന്നാലെയാണ് റസീനയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

കുറിപ്പിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മൂന്ന് പേരെ പിണറായി പൊലീസ് അറസ്റ്റ് ചെയ്തത്. റസീനയുടെ കുടുംബത്തിന്റെ പരാതിയിൽ തലശേരി എസിപിയുടെ മേൽനോട്ടത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y