EBM News Malayalam
Leading Newsportal in Malayalam

അഫാൻ ഒരു സൈക്കോ കൊലപാതകിയോ ? അഞ്ചുപേരെയും കൊലപ്പെടുത്തിയത് ഒരേ ചുറ്റിക കൊണ്ട് ആഞ്ഞ് അടിച്ച്


തിരുവനന്തപുരം : തലസ്ഥാനത്ത് ബന്ധുക്കളെയും പെണ്‍സുഹൃത്തിനെയും അഫാന്‍ എന്ന 23കാരന്‍ കൊലപ്പെടുത്തിയത് എന്തിന് എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമോ വ്യക്തതയോ ലഭിക്കാതെ പോലീസ്. പ്രതി മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു എന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.

എന്നാല്‍, ഏതുതരം ലഹരിയാണ് ഉപയോഗിച്ചത് എന്നത് തുടര്‍ പരിശോധനയിലൂടെ മാത്രമേ മനസ്സിലാക്കാന്‍ കഴിയൂവെന്ന് പോലീസ് പറഞ്ഞു. അഫാന്റെ മാനസിക നില പരിശോധിക്കും. പ്രതി ഇടയ്ക്ക് മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുന്നുണ്ട്. അഞ്ചുപേരെയും കൊലപ്പെടുത്തിയത് ഒരേ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചാണെന്നാണ് പ്രാഥമികാന്വേഷണത്തിലെ നിഗമനം. കൊല്ലപ്പെട്ട എല്ലാവരുടെ തലയിലും അടിയേറ്റ ക്ഷതമുണ്ട്. കൃത്യത്തിനായി ചുറ്റിക അഫാന്‍ വാങ്ങിയതാണെന്നാണ് പോലീസ് സംശയിക്കുന്നത്.

വല്യുമ്മയെ കൊലപ്പെടുത്തിയ ശേഷം കഴുത്തിലുണ്ടായിരുന്ന സ്വര്‍ണമാല പൊട്ടിച്ചെടുത്ത് പണയം വച്ച് പണം വാങ്ങിയെന്ന് പ്രതി മൊഴി നല്‍കിയിട്ടുണ്ട്. വെഞ്ഞാറമൂടിലെ പണമിടപാട് സ്ഥാപനത്തില്‍ അഫാന്‍ ഇടപാടുള്ളതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

അതേസമയം, ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനു മുമ്പ് പ്രതി നല്‍കിയ വിവരങ്ങള്‍ മാത്രമാണ് ഇപ്പോള്‍ പോലീസ് മുമ്പാകെയുള്ളത്. അത് അതേപടി മുഖവിലക്കെടുക്കാനാകില്ലെന്ന് പോലീസ് പറയുന്നു. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷം പ്രതിയെ വിശദമായ ചോദ്യം ചെയ്യും.

റൂറല്‍ എസ് പിയുടെ നേതൃത്വത്തിലാണ് അന്വേഷണം. മൂന്ന് ഡി വൈ എസ് പിമാര്‍ക്കാണ് അന്വേഷണ ചുമതല. നാല് സി ഐമാരുടെയും പ്രത്യേക സംഘത്തെയും കേസന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ട്.



വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y