രണ്ട് മനുഷ്യരെ കൊടുവാളിന് വെട്ടിക്കൊന്ന ചെന്താമരയ്ക്ക് മകളെന്ന് വച്ചാൽ ജീവൻ : തെളിവെടുപ്പ് പൂർത്തിയായി
പാലക്കാട് : നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ പ്രതി ചെന്താമരയുമായുളള തെളിവെടുപ്പ് പൂര്‍ത്തിയായി. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് തെളിവെടുപ്പ് ആരംഭിച്ചത്. പോത്തുണ്ടി സ്വദേശികളായ സുധാകരനേയും ലക്ഷ്മിയേയും കൊല്ലാന്‍ ഉപയോഗിച്ച കൊടുവാള്‍ വാങ്ങിയ എലവഞ്ചേരിയിലെ കടയില്‍ ചെന്താമരയെ എത്തിച്ചും തെളിവെടുപ്പ് നടത്തി.
ചെന്താമര കൊടുവാള്‍ വാങ്ങിയത് എലവഞ്ചേരിയിലെ കടയില്‍ നിന്ന് തന്നെയെന്ന് ആലത്തൂര്‍ ഡിവൈഎസ്പി പറഞ്ഞു. കൊടുവാളില്‍ കടയുടെ സീല്‍ ഉണ്ടെന്നും ഡിവൈഎസ്പി മാധ്യമങ്ങളോട് പറഞ്ഞു. കൊടുവാള്‍ ഉണ്ടാക്കിയ കടയിലെ ലെയ്ത്ത് മെഷീനും ചെന്താമര പോലീസിന് കാണിച്ചുകൊടുത്തു.
കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ഇന്ന് വൈകിട്ട് മൂന്നുവരെയാണ് ചെന്താമരയെ കസ്റ്റഡിയില്‍ വെക്കാനുള്ള സമയപരിധി. തെളിവെടുപ്പിനുശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും.
ചോദ്യം ചെയ്യലിനിടെ തനിക്ക് തന്റെ മകളെ വലിയ ഇഷ്ടമാണെന്ന് ചെന്താമര അന്വേഷണസംഘത്തോട് പറഞ്ഞു. തന്റെ വീട് മകള്‍ക്ക് നല്‍കണമെന്നും ചെന്തമര പോലീസിനോട് പറഞ്ഞിട്ടുണ്ട്. ഇന്നലെ ചെന്താമരയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. വന്‍ പോലീസ് സന്നാഹത്തിലാണ് ഇന്നലെ തെളിവെടുപ്പ് നടത്തിയത്.
ചെന്താമരയുമായി എത്തുന്നത് അറിഞ്ഞ് നാട്ടുകാരും പ്രദേശത്ത് തടിച്ചുകൂടിയിരുന്നു. തെളിവെടുപ്പുമായി നാട്ടുകാര്‍ പൂര്‍ണമായും സഹകരിച്ചിരുന്നു. ഇന്ന് മുപ്പതോളം പോലീസുകാര്‍ മാത്രമാണുണ്ടായിരുന്നത്. ഇന്നും നാട്ടുകാര്‍ തെളിവെടുപ്പുമായി പൂര്‍ണ്ണമായും സഹകരിച്ചു. പ്രത്യേകിച്ച് ഭാവഭേദങ്ങളൊന്നുമില്ലാതെയാണ് കൊലപാതകം നടത്തിയതും കൃത്യത്തിന് ശേഷം രക്ഷപ്പെട്ട വഴിയും ചെന്താമര പോലീസിന് വിവരിച്ചു കൊടുത്തത്.
ഇന്നലെ മറ്റൊരാളെയും കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ടിരുന്നതായി ചെന്താമര പോലീസിനോട് പറഞ്ഞിരുന്നു. അയല്‍വാസിയായ പുഷ്പയാണ് തന്റെ കുടുംബം തകരാന്‍ കാരണമെന്നും അവര്‍ രക്ഷപ്പെട്ടെന്നും ചെന്താമര വെളിപ്പെടുത്തിയിരുന്നു.
ജനുവരി 27നായിരുന്നു പോത്തുണ്ടി ബോയന്‍ നഗര്‍ സ്വദേശികളായ സുധാകരനെയും മാതാവ് ലക്ഷ്മിയെയും അയല്‍വാസിയായ ചെന്താമര കൊലപ്പെടുത്തിയത്. സ്‌കൂട്ടറില്‍ വരികയായിരുന്ന സുധാകരനെ വടിയില്‍ വെട്ടുകത്തിവെച്ചുകെട്ടി വെട്ടിവീഴ്ത്തുകയായിരുന്നു. സമീപത്ത് ആരുമില്ലെന്ന് ഉറപ്പുവരുത്തിയാണ് ആക്രമണം നടത്തിയത്.
പിന്നാലെ, ശബ്ദം കേട്ട് ഇറങ്ങിവന്ന ലക്ഷ്മിയേയും ചെന്താമര വെട്ടുകയായിരുന്നു. സുധാകരന്‍ സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. ലക്ഷ്മിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. 2019 ല്‍ സുധാകരന്റെ ഭാര്യ സജിതയേയും ചെന്താമര കൊലപ്പെടുത്തിയിരുന്നു.
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y