EBM News Malayalam
Leading Newsportal in Malayalam

നെന്മാറ ഇരട്ടക്കൊല: ചെന്താമരയെ പാലക്കാട് നഗരത്തിൽ കണ്ടെന്ന് സൂചന


 

പാലക്കാട് : നെന്മാറയില്‍ അയല്‍വാസികളായ അമ്മയെയും മകനെയും കൊലപ്പെടുത്തിയ കേസിലെ പ്രതി ചെന്താമരയെ പാലക്കാട് നഗരത്തില്‍ കണ്ടതായി സൂചന. കോട്ടമൈതാനത്ത് കണ്ടെന്നാണ് വിവരം കിട്ടിയത്. വിവരത്തിന്റെ അടിസ്ഥാനത്തില്‍ പാലക്കാട് നഗരത്തില്‍ പൊലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. അതിനിടെ നെന്‍മാറ ബസ് സ്റ്റാന്‍ഡില്‍ രാവിലെ പ്രതിയെ കണ്ടതായും സൂചന ലഭിച്ചു. പ്രതി ഒളിവില്‍ പോകുമ്പോള്‍ ഭക്ഷണ സാധനങ്ങള്‍ കയ്യില്‍ കരുതിയതായാണ് വിവരം.

പ്രതിയെ തിരയാന്‍ വന്‍ സംഘത്തെയാണ് നിയോഗിച്ചത്. പ്രതി ആദ്യ കൊലപാതകം നടത്തിയ വേളയില്‍ ഒളിച്ചിരുന്ന അറക്കമല, പട്ടിമല എന്നിവിടങ്ങളില്‍ തിരച്ചില്‍ നടത്തും. 20 പേരടങ്ങുന്ന മൂന്ന് സംഘങ്ങളാണ് ഈ ഭാഗങ്ങളില്‍ തിരച്ചില്‍ നടത്തുന്നത്. രണ്ട് ടീമുകള്‍ മലുകളിലും ഒരു മലയുടെ താഴ്വാരങ്ങളിലും പരിശോധിക്കും. ഓരോ സംഘത്തിലും കാടറിയുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരുമുണ്ടാകും. ഡ്രോണ്‍ അടക്കം പരിശോധനക്ക് ഉപയോഗിക്കും

പ്രതി കൊല്ലാനുളള പട്ടികയില്‍ രണ്ടു പേര്‍ കൂടി ഉള്‍പ്പെട്ടിരുന്നു. അയല്‍വാസി പുഷ്പ, അമ്മാവന്റെ ഭാര്യ എന്നിവര്‍ക്കെതിരെയും പ്രതി വധഭീഷണി മുഴക്കിയെന്നാണ് വിവരം. ചെന്താമരയെ ഭയന്ന് വീടിന് പുറത്തുള്ള ശുചിമുറിയില്‍ പോലും പോകാറില്ലായിരുന്നുവെന്ന് അയല്‍വാസി പുഷ്പ വെളിപ്പെടുത്തുന്നു. മാരകായുധങ്ങളുമായി പല തവണ ഭീഷണിപ്പെടുത്തി. പൊലീസില്‍ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ല. എപ്പോഴും മരണഭയത്തിലാണ് കഴിഞ്ഞിരുന്നുവെന്നും പോത്തുണ്ടി സ്വദേശി പുഷ്പ പറഞ്ഞു.

ഇന്നലെ ഉച്ചയോടെയാണ് നെന്മാറയില്‍ കൊലക്കേസ് പ്രതി അയല്‍വാസികളായ അമ്മയെയും മകനെയും അരിഞ്ഞ് വീഴ്ത്തിയത്. പോത്തുണ്ടി സ്വദേശികളായ സുധാകരന്‍, അമ്മ ലക്ഷ്മി എന്നിവരാണ് കൊല്ലപ്പെട്ടത്. സുധാകരന്റെ ഭാര്യ സജിതയെ 2019 ല്‍ വീട്ടില്‍കയറി വെട്ടിക്കൊന്ന കേസിലെ പ്രതിയാണ് ചെന്താമര.

ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പ്രകാരം സുധാകരന്റെ ശരീരത്തില്‍ 8 വെട്ടുകളുണ്ട്. കയ്യിലും കാലിലും കഴുത്തിലും തലയിലുമാണ് വെട്ടേറ്റിരിക്കുന്നത്. വലത് കൈ അറ്റു നീങ്ങിയിട്ടുണ്ട്. കഴുത്തിന് പിറകിലേറ്റ വെട്ടാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ആദ്യത്തെ വെട്ടേറ്റിരിക്കുന്നത് കാലിന്റെ മുട്ടിനാണ്. സുധാകരന്റെ അമ്മ ലക്ഷ്മിയുടെ ശരീരത്തില്‍ 12 വെട്ടുകളാണുള്ളത്. ലക്ഷ്മിയുടെ ശരീരത്തിലുള്ളത് അതിക്രൂരമായ ആക്രമണത്തിന്റെ മുറിവുകളാണ്. കണ്ണില്‍ നിന്നും ചെവി വരെ നീളുന്ന ആഴത്തിലുള്ള മുറിവുണ്ട് ഇവരുടെ ശരീരത്തില്‍. ഇതാണ് മരണത്തിന് കാരണമായത്.



വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y