EBM News Malayalam
Leading Newsportal in Malayalam

14വര്‍ഷം മാത്രം ജയിലില്‍ കഴിഞ്ഞ ഷെറിന്റെ മോചനം അതിവേഗം:25 വര്‍ഷത്തില്‍ കൂടുതല്‍ ജയിലില്‍ കിടന്ന തടവുകാരുടെ അപേക്ഷ തള്ളി


തിരുവനന്തപുരം: ഭാസ്‌കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന് ലഭിച്ചത് അസാധാരണ പരിഗണനയെന്ന് വിവരം. അതിവേഗത്തിലാണ് ഷെറിന് മോചനം നല്‍കാനുള്ള തീരുമാനമുണ്ടായത്. ഒരു മാസം കൊണ്ട് ശുപാര്‍ശ ആഭ്യന്തര വകുപ്പ് വഴി മന്ത്രിസഭയിലെത്തി. അര്‍ഹരായി നിരവധി പേരെ പിന്തള്ളിയാണ് ഷെറിന് മാത്രമായുള്ള ശിക്ഷായിളവ്. 20 വര്‍ഷം ശിക്ഷയനുഭവിച്ച രോഗികള്‍ പോലും ജയിലില്‍ തുടരുന്നുണ്ട്. വിവിധ ജയിലുകളില്‍ ഷെറിന്‍ ഉണ്ടാക്കിയ പ്രശ്‌നങ്ങളും പരിഗണിച്ചില്ല.

25 വര്‍ഷത്തില്‍ കൂടുതല്‍ തടവുശിക്ഷ അനുഭവിച്ചവരെ വിട്ടയക്കണമെന്ന ജയില്‍ ഉപദേശക സമിതികളുടെ ശുപാര്‍ശ പരിഗണിക്കാതെയാണ് ഭാസ്‌ക്കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന് മാത്രമായി ഇളവ് കിട്ടിയത്. ഡിസംബറില്‍ കണ്ണൂര്‍ ജയില്‍ ഉപദേശ സമിതി നല്‍കിയ ശുപാര്‍ശയിലാണ് അതിവേഗം മന്ത്രിസഭാ യോഗം തീരുമാനമെടുത്തത്. വിവിധ ജയിലുകളില്‍ ഷെറിന്‍ ഉണ്ടാക്കിയ പ്രശ്‌നങ്ങളും പരിഗണിക്കാതെയാണ് ഇളവ്

ജയിലുകളില്‍ ഷെറിന് കിട്ടിയ ആനുകൂല്യങ്ങളുടെ തുടര്‍ച്ചയാണ് വിടുതലിലും കാണുന്നത്. 14 വര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കിയെന്ന കാരണത്താലാണ് ജീവപര്യന്തം ശിക്ഷക്ക് വിധിച്ച ഷെറിന് മോചനം നല്‍കാനുള്ള തീരുമാനം. എന്നാല്‍ 25 ഉം 20 വര്‍ഷം വരെ തടവ് പൂര്‍ത്തിയായവര്‍ക്ക് ഈ ആനുകൂല്യം കിട്ടിയില്ല. ഇവരില്‍ പലരും രോഗികളാണെന്ന ജയില്‍ ഉപദേശക സമിതികളുടെ ശുപാര്‍ശകളും ഇതുവരെ പരിഗണിച്ചിട്ടില്ല.

പൂജപ്പുരം, വിയ്യൂര്‍, നെട്ടുകാല്‍ത്തേരി ജയിലുകളിലെ ഉപദേശക സമിതികള്‍ രണ്ട് തവണയായി നല്‍കിയ ശുപാര്‍ശകളില്‍ തീരുമാനം നീളുകയാണ്. ഷെറിന്റെ ഇളവില്‍ തീരുമാനമെടുത്തതും അതിവേഗം. ഡിസംബറിലാണ് ഷെറിന് ഇളവ് നല്‍കണമെന്ന ശുപാര്‍ശ കണ്ണൂര്‍ ജയിലിലെ ഉപദേശക സമിതി മുന്നോട്ട് വെക്കുന്നത്. ഒരു മാസം കൊണ്ട് ശുപാര്‍ശ ജയില്‍ ഡിജിപി വഴി ആഭ്യന്തര വകുപ്പ് വഴി കാബിനറ്റിലെത്തി തീരുമാനമായി. സാധാരണ ഇളവ് കൊടുക്കുമ്പോള്‍ പ്രതികളുടെ ജയിലിലെ പ്രവര്‍ത്തനങ്ങളും പരിഗണിക്കാറുണ്ട്.

എന്നാല്‍ താമസിച്ച ജയിലുകളിലെല്ലാം സഹതടവുകാരും ഉദ്യോഗസ്ഥരുമായും ഷെറിന്‍ നിരന്തരം പ്രശ്‌നങ്ങളുണ്ടാക്കിയിട്ടും അതൊന്നും പരിഗണിച്ചില്ല. പൊലീസ് റിപ്പോര്‍ട്ടും പ്രൊബേഷന്‍ റിപ്പോര്‍ട്ടും ഷെറിന് അനുകൂലം. കാബിനറ്റില്‍ ചില മന്ത്രിമാരുടെ പിന്തുണയും ഷെറിന് കിട്ടിയതായും സൂചനകളുണ്ട്. ഷെറിനൊപ്പം ശിക്ഷിക്കപ്പെട്ട കാമുകന്‍ ബാസിത് അലിയെ നല്ല നടപ്പ് പരിഗണിച്ച് തുറന്ന ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. ബാസിത് അലിയെ മോചനത്തിനായി പരിഗണിച്ചില്ല. മന്ത്രിസഭാ യോഗ ശുപാര്‍ശ ഗവര്‍ണ്ണര്‍ കൂടി അംഗീകരിച്ചാലോ ഷെറിന് പുറത്തിറങ്ങാനാകൂ.

 

 



വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y