അഞ്ചുവയസുകാരനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം : പിതാവിന് ഏഴ് വർഷവും രണ്ടാനമ്മയ്ക്ക് പത്ത് വർഷവും തടവ് ശിക്ഷ
ഇടുക്കി: കുമളിയിൽ അഞ്ചുവയസുകാരൻ ഷെഫീക്കിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ പിതാവിനും രണ്ടാനമ്മയ്‌ക്കും ശിക്ഷ വിധിച്ച് കോടതി. പിതാവും ഒന്നാം പ്രതിയുമായ ഷെരീഫിന് ഏഴ് വർഷം തടവും രണ്ടാം പ്രതിയായ അനീഷയ്‌ക്ക് പത്ത് വർഷം തടവുമാണ് കോടതി വിധിച്ചത്. ഇത് കൂടാതെ ഷെരീഫിന് അരലക്ഷം രൂപ പിഴയും ചുമത്തി.
ഇടുക്കി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി. അതേ സമയം പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷയാണ് പ്രതീക്ഷിച്ചതെന്നും അത്രയും ഗൗരവമേറിയ കുറ്റകൃത്യമായിരുന്നു പ്രതികൾ ചെയ്തതെന്നും പ്രോസിക്യൂഷൻ പ്രതികരിച്ചു. ഷെഫീക്കിനെ പട്ടിണിക്കിട്ടും മർദ്ദിച്ചും കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ സംഭവം നടന്ന് പതിനൊന്ന് വർഷത്തിന് ശേഷമാണ് ശിക്ഷാവിധിയുണ്ടായത്.
നാലര വയസുള്ളപ്പോഴായിരുന്നു രണ്ടാനമ്മയും പിതാവും ചേർന്ന് ക്രൂരമായി പീഡിപ്പിച്ചത്. പിഞ്ചുബാലനായിരുന്ന ഷെഫീഖിനെ കൊല്ലാനായിരുന്നു ശ്രമം. മർദനത്തെ തുടർന്ന് കുട്ടിയുടെ ശരീരം തളർന്നിരുന്നു. തലച്ചോറിന് ക്ഷതമേറ്റതിനാൽ ഷെഫീഖിന്റെ മാനസിക വളർച്ച സാരമായി ബാധിക്കപ്പെട്ടു.
ഭക്ഷണം കഴിക്കാനും പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനും കുട്ടിക്ക് പരസഹായം ആവശ്യമാണ്. കഴിഞ്ഞ 11 വർഷമായി സിസ്റ്റർ രാഗിണിയാണ് ഷെഫീഖിനെ പരിപാലിക്കുന്നത്. ഷെഫീഖിന് ഇന്ന് 17 വയസാണ്.
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y