മലയാളത്തിലെ ആദ്യ വന ചിത്രത്തിലെ നായിക നെയ്യാറ്റിൻകര കോമളം. ചലച്ചിത്ര ചരിത്ര രചയിതാക്കളും പഠിതാക്കളും മറന്നുപോയ ഒരു പേരാണിത്. മലയാളത്തിലെ ആദ്യ നിയോ റിയലിസ്റ്റിക് സിനിമയായ ന്യൂസ് പേപ്പർ ബോയ് യിലെനായിക. ചലച്ചിത്രത്തിന്റെ ചരിത്ര വഴികൾ തിരഞ്ഞു പോകുന്നവർ മാത്രം കാണുന്ന ഒരു പേര്. പ്രേം നസീറിന്റെ ആദ്യ നായിക നെയ്യാറ്റിൻകര കോമളമായിരുന്നു. ഒരുപക്ഷേ മലയാള മുഖ്യധാര മാധ്യമങ്ങൾ കോമളം എന്ന പേര് അടയാളപ്പെടുത്തിയത് പ്രേം നസീറിന്റെ ആദ്യ നായിക എന്ന നിലയിലാണ്. എന്നാൽ ചരിത്രപരമായി മലയാളത്തിലെ ആദ്യ വനചിത്രത്തിലെ നായികയും ആദ്യ നിയോ റിയലിസ്റ്റിക് സിനിമയിലെ നായികയും നെയ്യാറ്റിൻകര കോമളമാണ്.
ജാതി മത അധികാര കീഴ് വഴക്കങ്ങൾ പ്രബലമായിരുന്ന ആണധികാരമേൽക്കോയ്മകൾ നിലനിന്നിരുന്ന കേരളീയ പൊതുമണ്ഡലത്തിലെ സങ്കുചിത സാമൂഹ്യ വ്യവസ്ഥിതിയിൽ നിന്ന് വെള്ളിത്തിരയിലെത്തിയ നെയ്യാറ്റിൻകര കോമളം അഞ്ചു ചിത്രങ്ങളിൽ നായികയായി അഭിനയിച്ചു എന്നുള്ളത് അത്ഭുതകരമായ ഒന്നാണ്. കേരള സംസ്ഥാനം രൂപീകൃതമാകുന്നതിന് മുൻപുള്ള മലയാള സിനിമയുടെ ചരിത്രപരമായ പരിണാമ വഴികളിൽ എണ്ണം പറഞ്ഞ നായികമാരിൽ ഒരാളായിരുന്നു നെയ്യാറ്റിൻകര കോമളം. ഒരു യാഥാസ്ഥിതിക കുടുംബത്തിൽ നിന്നും സിനിമയുടെ വെള്ളിവെളിച്ചത്തിൽ എത്തുക എന്ന അപൂർവ്വ ഭാഗ്യം നെയ്യാറ്റിൻകര കോമളത്തിന് ലഭിച്ചിരുന്നു. ഒരുപക്ഷേ നെയ്യാറ്റിൻകര എന്ന ദേശത്തിന്റെ ചരിത്രത്തെ വെള്ളിത്തിരയുടെ ചരിത്ര വഴികളിൽ രേഖപ്പെടുത്തിയത് ക്രെഡിറ്റും നെയ്യാറ്റിൻകര കോമളത്തിന് സ്വന്തമാണ്. വനമാല എന്ന ചിത്രം പരാജയപ്പെട്ടുവെങ്കിലും തൊട്ടു പിന്നാലെ തന്നെഎത്തിയ ചിത്രങ്ങളിൽ നായികയായി അഭിനയിക്കാനുള്ള ഭാഗ്യം കോമളത്തിനു ലഭിച്ചിരുന്നു.
നെയ്യാറ്റിൻകര കോമളത്തിന്റെ ജീവിതത്തെ ചരിത്രനായിക എന്ന പേരിൽ രേഖപ്പെടുത്തി വയ്ക്കുകയാണ് ചലച്ചിത്ര ഗവേഷകരായ ഡോ രശ്മിജിയും ഡോഅനിൽകുമാർ കെഎസും .ചലച്ചിത്ര അക്കാദമി പ്രസിദ്ധീകരിച്ച ചരിത്രനായിക എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം ഇരുപത്തിയൊമ്പതാമത് ഐ എഫ് എഫ് കെയുടെ വേദിയിൽ നിള തീയേറ്ററിൽ വച്ച് നിർവഹിക്കപ്പെട്ടു. അക്കാദമി ചെയർമാൻ പ്രേംകുമാർ നെയ്യാറ്റിൻകര കോമളത്തിന്റെ സഹോദര പുത്രൻ സഞ്ജയ്‌ക്ക് പുസ്തകം നൽകി പ്രകാശിപ്പിച്ചു. സംവിധായകരായ ടി വി ചന്ദ്രൻ, സിബി മലയിൽ, കമൽ, തിരക്കഥാകൃത്ത് ചെറിയാൻ കൽപ്പകവാടി, ,ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി എന്നിവരുൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിലാണ് പുസ്തക പ്രകാശനം നിർവഹിക്കപ്പെട്ടത്..
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y