EBM News Malayalam
Leading Newsportal in Malayalam

ആലപ്പുഴയില്‍ മദ്യലഹരിയില്‍ മകന്‍ പിതാവിനെ കുത്തിക്കൊലപ്പെടുത്തി, ആശുപത്രിയിലെത്തിച്ചത് വീണു പരിക്കേറ്റെന്ന് പറഞ്ഞ്



ആലപ്പുഴയില്‍ മദ്യലഹരിയില്‍ മകന്‍ പിതാവിനെ കുത്തിക്കൊലപ്പെടുത്തി. ഹരിപ്പാട് ചേപ്പാട് സ്വദേശി സോമന്‍ പിള്ളയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ അരുണ്‍.എസ്. നായരെ (29)നെ കരിയിലക്കുളങ്ങര പോലീസ് അറസ്റ്റ് ചെയ്തു.ഇന്ന് വൈകിട്ടോടെയാണ് സംഭവമുണ്ടായത്. മദ്യപിച്ചെത്തിയ അരുണും സോമന്‍ പിള്ളയും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി.

തുടര്‍ന്ന് ഇരുവരും വീടിന് പുറത്തേക്ക് പോയി. പിന്നീട് ഏറെ സമയം കഴിഞ്ഞ് തിരിച്ചെത്തിയ അരുണ്‍ അച്ഛന്‍ പുറത്ത് വീണു കിടക്കുന്നു എന്നാണ് ഭാര്യയോട് പറഞ്ഞത്. ഇരുവരും ചേര്‍ന്ന് സോമന്‍ പിള്ളയെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഇയാള്‍ മരണപ്പെട്ടു.വീണ് പരിക്കേറ്റു എന്ന് തന്നെയാണ് ആശുപത്രിയിലും പറഞ്ഞിരുന്നത്.

അരുണിനെയും ഭാര്യയെയും അമ്മ പ്രസന്ന കുമാരിയെയും പൊലീസ് മൊഴി എടുക്കാനായി വിളിപ്പിച്ചു. അരുണിന്റെ മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് പൊലീസ് വിശദമായ ചോദ്യം ചെയ്യല്‍ നടത്തിയത്. തുടര്‍ന്നാണ് സോമന്‍പിള്ളയെ പുറത്ത് കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചതാണെന്ന് ഇയാള്‍ സമ്മതിച്ചത്. ഇരുവരും സ്ഥിരമായി വൈകിട്ട് മദ്യപിച്ച് വഴക്കുണ്ടാക്കാറുണ്ടായിരുന്നു. വണ്ടാനം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയതിന് ശേഷം നാളെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y