EBM News Malayalam
Leading Newsportal in Malayalam

ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടം: ഒരു കുടുംബത്തിലെ മൂന്നാമത്തെയാളും മരണത്തിന് കീഴടങ്ങി


കോട്ടയം: എംസി റോഡില്‍ പുതുവേലി ചോരക്കുഴി പാലത്തിനു സമീപം ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നാമത്തെയാളും മരിച്ചു. തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന തങ്കമ്മയാണ് (65) ഇന്ന് രാവിലെ മരിച്ചത്. മുത്തച്ഛനും കൊച്ചുമകളും നേരത്തേ മരിച്ചിരുന്നു. രണ്ടു പേര്‍ ഗുരുതരമായി പരുക്കേറ്റു ചികിത്സയിലാണ്. ആലപ്പുഴ പുളിങ്കുന്ന് കായല്‍പ്പുറം കരീപ്പറമ്പിലായ കോയിപ്പള്ളി വീട്ടില്‍ ജോസഫ് ആന്റണി(തങ്കച്ചന്‍-68), കൊച്ചുമകള്‍ എസ്‌തേര്‍ (രണ്ടര) എന്നിവരാണ് ഇന്നലെ മരിച്ചത്. തങ്കച്ചന്റെ ഭാര്യ തങ്കമ്മയാണ് (60) മരിച്ചത്.

മകന്‍ എബി ജോസഫ് (32) വാരിയെല്ല് തകര്‍ന്ന് ഗുരുതര പരുക്കോടെ ചികിത്സയിലാണ്. മരുമകള്‍ ട്രീസ സി. മോനി (നിമ്മി – 26) വെന്റിലേറ്ററിലാണ്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. കൂത്താട്ടുകുളം ഭാഗത്തുനിന്നു കോട്ടയം ഭാഗത്തേക്കു വന്ന കാറും എതിര്‍ദിശയില്‍ വന്ന ടൂറിസ്റ്റ് ബസും കൂട്ടിയിടിക്കുകയായിരുന്നു. അങ്കമാലിയിലുള്ള മകള്‍ സെബിയുടെ വീട്ടില്‍ പോയി തിരികെ വരികയായിരുന്നു തങ്കച്ചനും കുടുംബവും. എബിയാണു കാര്‍ ഓടിച്ചിരുന്നത്.

കോട്ടയം പാക്കില്‍ ഭാഗത്തു വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുത്ത ശേഷം തൃശൂര്‍ ഭാഗത്തേക്കു പോകുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് ആണ് അപകടത്തില്‍പ്പെട്ടത്. ഓടിക്കൂടിയ നാട്ടുകാരും രാമപുരം പൊലീസും കൂത്താട്ടുകുളം അഗ്‌നിരക്ഷാസേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. വാഹനം വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നു പൊലീസ് പറഞ്ഞു.



വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y