ശബരിമല വിഷയം ഇല്ലായിരുന്നെങ്കില്‍ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ ഇതിലും മികച്ചതാകുമായിരുന്നു: ജിയോ ബേബി
ശബരിമല പ്രശ്‌നം ഉള്‍പ്പെടുത്തിയില്ലായിരുന്നെങ്കില്‍ ഇതിലും മികച്ച സിനിമയായി ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ മാറുമായിരുന്നു തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് സംവിധായകന്‍ ജിയോ ബേബി.
ഇന്ത്യയിലെ പുരുഷാധിപത്യത്തെക്കുറിച്ച് സംസാരിച്ചതുകൊണ്ടാണ് ചിത്രത്തിലേക്ക് ഹിന്ദു കുടുംബത്തെ കൊണ്ടുവന്നതെന്നും അല്ലാതെ തനിക്ക് ഹിന്ദു മതത്തോട് വിരോധമില്ലെന്നും ജിയോ ബേബി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ വ്യക്തമാക്കി.
read also: വന്‍തോതില്‍ രാസ ലഹരി വസ്തുക്കള്‍ നിര്‍മിക്കുന്ന ഫാക്ടറി കണ്ടെത്തി
താരത്തിന്റെ വാക്കുകൾ ഇങ്ങനെ,
ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന ചിന്ത വന്നപ്പോള്‍ തന്നെ ഏത് വീട്ടിലാണ് ഇത് പറയേണ്ടത് എന്ന് ചിന്തിച്ചിരുന്നു. ക്രിസ്ത്യന്‍ കുടുംബത്തില്‍ വന്നാല്‍ എങ്ങനെയിരിക്കും മുസ്ലീം കുടുംബത്തില്‍ എങ്ങനെയിരിക്കും എന്നുമെല്ലാം ചിന്തിച്ചു. മൂന്ന് വര്‍ഷമെടുത്താണ് ഈ ചിത്രം എടുത്തത്. ആ സമയത്ത് ഞാന്‍ ഒരുപാട് സ്ത്രീകളുടെ എഴുത്തുകള്‍ വായിക്കുകയും സിനിമ കാണുകയും ചെയ്തു. എന്റെ അന്വേഷണത്തില്‍ നിന്നാണ് ഹിന്ദു കുടുംബത്തെ തെരഞ്ഞെടുക്കാന്‍ തീരുമാനിക്കുന്നത്. ഇന്ത്യന്‍ എന്നു പറഞ്ഞാല്‍ ഹിന്ദുത്വം എന്നാണ്. ഹിന്ദു മതത്തോടുള്ള എന്റെ വിരോധമൊന്നുമല്ല. എല്ലാ മതത്തിലും പുരുഷാധിപത്യമുണ്ട്. ഇന്ത്യയില്‍ എങ്ങനെയാണ് പുരുഷാധിപത്യം പ്രവര്‍ത്തിക്കുന്നത് എന്ന് കാണിക്കാന്‍ വേണ്ടിയാണ് ഹിന്ദുത്വത്തെ തെരഞ്ഞെടുത്തത്. വിമര്‍ശനമാണ് സിനിമയെങ്കില്‍ അവിടെ തന്നെ വിമര്‍ശിക്കണം എന്നു തോന്നി. മതങ്ങളാണ് പുരുഷാധിപത്യത്തെ ഏറ്റവും പിന്തുണയ്ക്കുന്നത്. അതിനോടുള്ള പ്രതിഷേധം തന്നെയാണ് ചിത്രം.- ജിയോ ബേബി പറഞ്ഞു.
ഞാന്‍ വളരെ ക്രിയേറ്റീവ് അല്ല. സിനിമ എഴുതി ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ എനിക്ക് മുന്നോട്ടു പോവാന്‍ പറ്റിയില്ല. ശബരിമല പ്രശ്‌നം ഉള്‍പ്പെടുത്തിയില്ലായിരുന്നെങ്കില്‍ ഇതിലും മികച്ച സിനിമയായി ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ മാറുമായിരുന്നു എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. പക്ഷേ എനിക്ക് അറിയില്ല. എന്റെ കഴിവിന്റെ പോരായ്മ കൊണ്ട് സിനിമയുടെ ഗതി മാറ്റേണ്ടിവന്നു. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണില്‍ കാണിച്ചതുപോലെ തന്നെയാണ് കേരളത്തിലെ ഭൂരിഭാഗം അടുക്കളയും. 70കളിലുള്ള അടുക്കള ഞാന്‍ 2020ല്‍ ഷൂട്ട് ചെയ്യാന്‍ പോകില്ല. ഞാന്‍ അത്രത്തോളം അന്വേഷിച്ചിട്ടുണ്ട്. എന്റെയും നിങ്ങളുടേയും വീട്ടിലുണ്ടാകില്ല പക്ഷേ നമ്മുടെ അയല്‍വീടുകളിലുണ്ട്. ആദാമിന്റെ വാരിയെല്ലില്‍ വിറകടുപ്പാണെങ്കില്‍ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണില്‍ ഗ്യാസ് അടുപ്പുണ്ട്. 70കളില്‍ അരകല്ലില്‍ ആണെങ്കില്‍ ഇന്ന് മിക്‌സി ഉണ്ടാകും. പക്ഷേ ആ ജോലികള്‍ എല്ലാം ചെയ്യുന്നത് സ്ത്രീകളാണ്. അതില്‍ ഒരു മാറ്റവുമില്ല. രണ്ടാം ഇടതുപക്ഷ ഗവണ്‍മെന്റ് വന്നപ്പോള്‍ കൊടുത്ത ഒരു വാഗ്ദാനം സ്ത്രീകള്‍ക്ക് ഗൃഹോപകരണം വാങ്ങാന്‍ ലോണ്‍ നല്‍കുമെന്നാണ്. അതായത് സാധനങ്ങള്‍ വാങ്ങാന്‍ പണം നല്‍കി സ്ത്രീകളെ അടുക്കളയില്‍ തന്നെ നിര്‍ത്തുമെന്ന്. കേള്‍ക്കുമ്ബോള്‍ വലിയ കാര്യമായി തോന്നും. പക്ഷേ അതു തന്നെ പുരുഷാധിപത്യത്തിന്റെ ഏറ്റവും വലിയ തന്ത്രമാണ്.- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y