EBM News Malayalam
Leading Newsportal in Malayalam

നടന്‍ സിദ്ദിഖ് പ്രതിയായ ലൈംഗിക പീഡനക്കേസില്‍ പരാതിക്കാരിയുടെ വിശ്വാസ്യത ചോദ്യം ചെയ്യേണ്ടതില്ലെന്ന് ഹൈക്കോടതി


കൊച്ചി: നടന്‍ സിദ്ദിഖ് പ്രതിയായ ലൈംഗിക പീഡനക്കേസില്‍ പരാതിക്കാരിയുടെ വിശ്വാസ്യത ചോദ്യം ചെയ്യേണ്ടതില്ലെന്ന് ഹൈക്കോടതി. പരാതിക്കാരിയുടെ സ്വഭാവം സംശയിക്കേണ്ടതില്ലെന്നും ആക്രമിക്കുന്നത് നിശബ്ദയാക്കാനെന്ന് കോടതി നിരീക്ഷിച്ചു. സിദ്ദിഖിനെതിരെ രൂക്ഷ വിമര്‍ശനമാണ് കോടതി നടത്തിയിരിക്കുന്നത്. സര്‍ക്കാരിനെതിരെയും രൂക്ഷ വിമര്‍ശനമുണ്ട്. ഹേമ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ നിശബ്ദത പുലര്‍ത്തിയെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് സിഎസ് ഡയസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞത്.

ഇരയ്ക്ക് നീതി നല്‍കണമെന്നാണ് ആദ്യാവസാനം കോടതി പറയുന്നത്. സമൂഹത്തില്‍ സ്ത്രീ ബഹുമാനം അര്‍ഹിക്കുന്നുവെന്ന് പറഞ്ഞ ഹൈക്കോടതി സിദ്ദിഖിനെതിരായ പരാതി ഗൗരവതരമെന്ന് ചൂണ്ടിക്കാട്ടി. സിദ്ദിഖിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമെന്നും കോടതി നിരീക്ഷിച്ചു. സിദ്ധിഖിന്റെ വൈദ്യ പരിശോധന നടത്തേണ്ടതുണ്ടെന്നും സാക്ഷിയെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ജാമ്യം അനുവദിക്കാന്‍ സാധിക്കില്ലെന്നും കോടതി വിശദീകരിക്കുന്നു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് അതിജീവിതമാര്‍ക്ക് കരുത്ത് നല്‍കുമെന്നും അതിജീവിതമാര്‍ക്ക് മുന്നോട്ട് പോകാനാകുമെന്നും കോടതി പറഞ്ഞു. സിദ്ദിഖിന്റെ അഭിഭാഷകന്‍ ഉന്നയിച്ച വാദങ്ങള്‍ക്കും രൂക്ഷ വിമര്‍ശനമുണ്ട്. പരാതിക്കാരിക്കെതിരെ സിദ്ദിഖ് ഉയര്‍ത്തിയ വാദങ്ങള്‍ ഹൈക്കോടതി തള്ളി. പരാതിക്കാരിക്ക് വിശ്വാസ്യതയില്ലെന്ന വാദം അനാവശ്യമെന്ന് പറഞ്ഞ ഹൈക്കോടതി ലൈംഗിക അതിക്രമത്തിനിരയായി എന്നത് വെച്ച് പരാതിക്കാരിയുടെ സ്വഭാവത്തെ വിലയിരുത്തരുതെന്ന് ചൂണ്ടിക്കാട്ടി. പരാതിക്കാരിയുടെ അതിജീവനമാണ് പരിഗണിക്കേണ്ടതെന്നും ആക്രമിക്കുന്നത് നിശബ്ദയാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ചൂണ്ടിക്കാട്ടി.

കുറ്റകൃത്യത്തില്‍ സിദ്ദിഖിന് പ്രഥമ ദൃഷ്ട്യാ പങ്കുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. കുറ്റകൃത്യത്തിന്റെ ഗുരുതര സ്വഭാവം, തെളിവുകള്‍ എന്നിവ കണക്കിലെടുത്താല്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യല്‍ അനിവാര്യമെന്നും കോടതി നിരീക്ഷിച്ചു. കേസിന്റെ ശരിയായ അന്വേഷണത്തിനും പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പറഞ്ഞു.

 



വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y