EBM News Malayalam
Leading Newsportal in Malayalam

വാങ്ങിക്കൊണ്ടുപോയ ഫ്രോക്ക് പാകമായില്ല, മാറ്റിയെടുക്കാനെത്തിയ യുവാവ് കടയുടമയുടെ വിരല്‍ കടിച്ചുമുറിച്ചു: സംഭവമിങ്ങനെ


ലക്‌നൗ: വാങ്ങിക്കൊണ്ടുപോയ വസ്ത്രം തിരിച്ചെടുത്ത് മറ്റൊന്ന് നല്‍കണമെന്ന ആവശ്യവുമായി കടയിലെത്തിയ ഉപഭോക്താവ്, കടയുടമയുടെ വിരല്‍ കടിച്ചുമുറിച്ചു. തര്‍ക്കത്തിനിടെ ഇടപെടാനെത്തിയ കടയുടമയുടെ മകനെയും ഇയാള്‍ കടിച്ച് പരിക്കേല്‍പ്പിച്ചു. വസ്ത്രം തിരിച്ചെടുത്ത് വലിയ അളവിലുള്ളത് മാറ്റി നല്‍കണമെങ്കില്‍ 50 രൂപ അധികം നല്‍കണമെന്ന് പറഞ്ഞതാണ് പ്രകോപനമായതെന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

ഉത്തര്‍പ്രദേശിലെ ബാന്ദ ജില്ലയിലാണ് സംഭവം. ടെക്സ്റ്റയില്‍സ് ഉടമ ശിവ ചന്ദ്ര കര്‍വാരിയ എന്നയാള്‍ക്കാണ് ഉപഭോക്താവിന്റെ ആക്രമണത്തില്‍ പരിക്കേറ്റത്. കടയിലെത്തിയ ഒരു അപരിചിതന്‍ ആദ്യ ദിവസം ഒരു ഫ്രോക്ക് വാങ്ങിയിരുന്നു. പിറ്റേദിവസം അതുമായി കടയില്‍ തിരിച്ചുവന്ന അയാള്‍, താന്‍ വാങ്ങിയ ഫ്രോക്ക് ചെറുതാണെന്നും അല്‍പം കൂടി വലിയ അളവിലുള്ളതാണ് വേണ്ടതെന്നും പറഞ്ഞു. എന്നാല്‍ വലിയ അളവ് വേണമെങ്കില്‍ 50 രൂപ കൂടി അധികം നല്‍കണമെന്ന് കടയുടമ പറഞ്ഞതാണ് തര്‍ക്കം തുടങ്ങാന്‍ കാരണം.

ഫ്രോക്കുമായി വന്നയാള്‍ അധിക തുക നല്‍കില്ലെന്ന് തറപ്പിച്ചു പറഞ്ഞു. വഴക്കിനൊടുവില്‍ കടയുടമയുടെ ഇടതുകൈയിലെ വിരല്‍ ഇയാള്‍ കടിച്ചുമുറിച്ചു. സംഭവം കണ്ട് ഓടിയെത്തിയ കടയുടമയുടെ മകനെയും ഇയാള്‍ കടിച്ച് പരിക്കേല്‍പ്പിച്ചു. തുടര്‍ന്ന് കടയിലുണ്ടായിരുന്ന തുണിയെല്ലാം വലിച്ച് റോഡിലേക്ക് എറിഞ്ഞു. ഉടമയും മകനും പിന്നീട് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. കടയില്‍ അക്രമം നടത്തിയയാളെ കണ്ടെത്താനുള്ള അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു.

 

 



വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y