എടിഎമ്മിലേക്ക് പണം കൊണ്ടുവന്നപ്പോൾ ആയുധമുള്ള സുരക്ഷാജീവനക്കാരൻ ഇല്ല, പ്രവർത്തിക്കാതെ സിസിടിവിയും: കവർച്ചയിൽ ദുരൂഹത
ഉപ്പള: കോടിക്കണക്കിന് രൂപയുമായി എ.ടി.എമ്മുകൾ ലക്ഷ്യമിട്ട് നിരത്തിലൂടെ തലങ്ങും വിലങ്ങും ഓടുന്ന വാൻ ഇന്ന് പരിചിത കാഴ്ചയാണ്. അതിൽ ആയുധമേന്തിയ സുരക്ഷാ ജീവനക്കാരും സഹായികളും ഉണ്ടാകാറുമുണ്ട്. എന്നാൽ, ഉപ്പളയിൽ നടന്ന കവർച്ച ഞെട്ടലിനിടയിലും സിനിമാക്കഥ പോലെയാണ് നാട് കേട്ടത്. അത് ഒരുപാട് സംശയങ്ങളും ഉയർത്തുന്നുണ്ട്.
നിരത്തിൽ വാഹനങ്ങളൊഴിയാത്ത, സദാസമയവും തിരക്കുള്ള ചെറുനഗരത്തിലാണ് ബുധനാഴ്ച വൈകിട്ട് വാഹനത്തിന്റെ ചില്ല് തകർത്ത് എ.ടി.എമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന 50 ലക്ഷം രൂപ ഒരാൾ കവർന്നത്. അതാണ് സംഭവത്തിൽ അടിമുടി ദുരൂഹതയുയർത്തുന്നതും.മംഗളൂരു ഭാഗത്തേക്കുള്ള ബസ് നിർത്തുന്ന സ്ഥലത്തോടുചേർന്ന ഭാഗത്തുനിന്നാണ് വലിയ തുക മോഷണം പോയത്. സാധാരണഗതിയിൽ ചെറിയൊരു സംഭവമുണ്ടായാൽപ്പോലും വേഗത്തിൽ ആളുകൾ ഓടിക്കൂടുന്ന സ്ഥലമായിട്ടുകൂടി എങ്ങനെ അയാൾക്ക് എളുപ്പത്തിൽ പണവുമായി രക്ഷപ്പെടാൻ കഴിഞ്ഞുവെന്നതാണ് സംശയമുയർത്തുന്നത്.
മുംബൈ ആസ്ഥാനമായ സ്വകാര്യ ഏജൻസിയുടെ വാഹനത്തിൽ നിന്നാണ് പണം കവർന്നത്. ഉപ്പള ടൗണിലെ പുതുതലമുറ ബാങ്കിന്റെ എ.ടി.എമ്മിൽ പണം നിറയ്ക്കാൻ ജീവനക്കാർ പോയ സമയത്തായിരുന്നു കവർച്ച. വാഹനത്തിന്റെ പിൻസീറ്റിൽ വെച്ച പണമടങ്ങിയ ബാഗുമെടുത്താണ് മോഷ്ടാവ് കടന്നുകളഞ്ഞത്.എ.ടി.എമ്മിൽ പണം നിറയ്ക്കാൻ പോകുന്ന ഏജൻസികൾ പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകളൊന്നുമില്ലാതെ അലക്ഷ്യമായിട്ടാണ് ഈ വാഹനത്തിലെ ജീവനക്കാർ പണം കൈകാര്യം ചെയ്തതെന്ന് പോലീസ് വ്യക്തമാക്കുന്നു.
ബുധനാഴ്ച രാവിലെ പുതുതലമുറ ബാങ്കിൽനിന്നും ഒരു ദേശസാത്കൃത ബാങ്കിൽ നിന്നുമായിട്ടാണ് 70 ലക്ഷം രൂപ എ.ടി.എമ്മിൽ നിറയ്ക്കാനായെടുത്തത്. 50 ലക്ഷത്തിലധികം രൂപയുമായി പോകുന്ന വാഹനമാണെങ്കിൽ ആയുധത്തോടെയുള്ള സുരക്ഷാജീവനക്കാരൻ വേണമെന്നുണ്ടെങ്കിലും ഇവിടെ കഴിഞ്ഞ കുറച്ചുകാലമായി അതുമില്ല.വാഹനത്തിൽ ചില്ലുള്ളിടങ്ങളെല്ലാം ഇരുമ്പുവല സ്ഥാപിച്ച് സുരക്ഷിതമാക്കണമെന്നുണ്ട്.
എന്നാൽ, ബുധനാഴ്ച കവർച്ച നടന്ന വാഹനത്തിന്റെ ഡ്രൈവർ, കോ ഡ്രൈവർ ഭാഗത്ത് മാത്രമാണ് ഇരുമ്പ് വലയുള്ളത്. പിറകിലെ സീറ്റിലും വാഹനത്തിന്റെ മുൻഭാഗത്തെ ചില്ലിലും അതുമില്ല. വല ഘടിപ്പിക്കാനുള്ള ഭാഗങ്ങളൊക്കെയും തുരുമ്പിച്ചിട്ടുമുണ്ട്. വാഹനത്തിന്റെ പിൻഭാഗത്ത് ലോക്കർ സംവിധാനത്തോടെയുള്ള അറയിലാണ് പണം സൂക്ഷിക്കേണ്ടത്. എ.ടി.എമ്മിൽ നിറയ്ക്കാനുള്ള പണം ആവശ്യാനുസരണം എടുത്ത് വേണം നിക്ഷേപിക്കാൻ. എന്നാൽ മുഴുവൻസമയവും വാഹനത്തിന്റെ സീറ്റിൽ കറുത്ത ബാഗിലായിരുന്നു പണമുണ്ടായത്.
ഉച്ചയോടെ ഉളിയത്തടുക്കയിൽ അവർ ഭക്ഷണം കഴിക്കാൻ പോയപ്പോഴും സീറ്റിൽ തന്നെയായിരുന്നു പണമടങ്ങിയ ബാഗ്. സാധാരണഗതിയിൽ മൂന്ന് ജീവനക്കാർ വാഹനത്തിൽ വേണം. എന്നാൽ ബുധനാഴ്ച ഡ്രൈവർ അവധിയായതിനാൽ രണ്ടുപേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരാൾ പണത്തിന് കാവലായി വാഹനത്തിൽ വേണമെന്നിരിക്കെയാണ് രണ്ടുപേരും പണം നിറയ്ക്കാൻ പോയത്.
വാഹനത്തിനകത്ത് ഒരു സി.സി.ടി.വി.യുണ്ടെങ്കിലും അത് സ്റ്റാർട്ട് ചെയ്യുന്ന ഘട്ടത്തിലേ പ്രവർത്തിക്കൂ എന്നാണ് കമ്പനി അധികൃതർ പറഞ്ഞത്. ഉപ്പള ടൗണിലെ സി.സി.ടി.വി. ക്യാമറകളിൽ ഒരാൾ കറുത്ത ബാഗുമായി ദേശീയപാത മുറിച്ചുകടക്കുന്ന ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്. ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് പോകുന്നയാളെ ദൃശ്യങ്ങളിൽ വ്യക്തമാകുന്നില്ല. സമീപത്തെ മറ്റു കടകളിലെയും സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y