തിരുവനന്തപുരം: സംസ്ഥാനത്ത് നെൽകൃഷി ചെയ്യുന്ന കർഷകർക്ക് ആശ്വാസ വാർത്ത. അടുത്ത സീസണിൽ സംഭരിക്കുന്ന നെല്ലിന്റെ വില കർഷകർക്ക് പരമാവധി 15 ദിവസത്തിനകം നൽകാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട വിഷയത്തിൽ മന്ത്രി ജി.ആർ അനിലും ബാങ്കുകളും തമ്മിൽ ചർച്ച സംഘടിപ്പിച്ചിട്ടുണ്ട്. ചർച്ചയ്ക്കൊടുവിൽ 7 ദിവസത്തിനകം തുക വിതരണം ചെയ്യാനുള്ള നടപടികൾക്ക് തുടക്കമിടുമെന്ന് ബാങ്കുകൾ വ്യക്തമാക്കി. ഇതോടെ, കർഷകർക്ക് കൂടുതൽ ആശ്വാസകരമാകും.
കഴിഞ്ഞ സീസണിൽ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നതിനാൽ ഇക്കുറി നേരത്തെ തന്നെ ബാങ്കുകളുമായി ചർച്ചകൾ നടത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കാനറ ബാങ്കും, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും, പഞ്ചാബ് നാഷണൽ ബാങ്കും വായ്പ നൽകുന്നതാണ്. കർഷകരിൽ നിന്ന് ആദ്യ സീസണിൽ നെല്ല് സംഭരിച്ചതിൽ കേന്ദ്രസർക്കാരിൽ നിന്ന് സപ്ലൈകോയ്ക്ക് 1300 കോടി രൂപയാണ് കുടിശ്ശിക ഇനത്തിൽ ലഭിക്കാനുള്ളത്. കൂടാതെ, 700 ഓളം കോടി രൂപ സംസ്ഥാന സർക്കാരിൽ നിന്നും കർഷകർക്ക് ലഭിക്കാനുണ്ട്.