അന്താരാഷ്ട്ര പുസ്തകോത്സവം തുടങ്ങിയതോടെ ദിനം്രപതി പതിനായിരക്കണക്കിന് ആളുകൾ ഒഴുകിവരുന്ന ഒരു കേന്ദ്രമായി നിയമസഭ മാറിയെന്ന് സ്പീക്കർ എ.എൻ ഷംസീർ. കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം രണ്ടാം പതിപ്പിന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമസഭയ്ക്കകത്ത് പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും കയറാനും ലൈബ്രറിയും മ്യൂസിയവും കാണുവാനുമുള്ള അവസരം പുസ്തകോത്സവത്തിനോട് അനുബന്ധിച്ച് ലഭിക്കും. ഈ പുസ്തകോത്സവം കൂട്ടായ പരിശ്രമത്തിന്റെ വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വായനയാണ് ലഹരി എന്ന സന്ദേശം പ്രചരിപ്പിച്ചുകൊണ്ടാണ് ഇത്തരമൊരു പുസ്തകോത്സവം സംഘടിപ്പിച്ചിട്ടുള്ളത്. പ്രായവത്യാസമില്ലാതെ എല്ലാ വിഭാഗത്തിൽപ്പെട്ടവരും വരുന്നകാഴ്ചയാണ് പുസ്തകോത്സവത്തിൽ കാണാൻ കഴിയുന്നതെന്നും സ്പീക്കർ പറഞ്ഞു.
വായന ഏറ്റവും കൂടുതൽ പ്രോത്സഹിപ്പിക്കേണ്ടത് വിദ്യാർഥികൾക്കിടയിലാണെന്ന് ചടങ്ങിൽ ആശംസ അർപ്പിച്ച് സംസാരിച്ച പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. പരമാവധി സ്കൂളുകളിൽ വായനശാലകൾ ആരംഭിക്കാനുള്ള നടപടി സ്വീകരിച്ചുവരികയാണ്. വായനയുടെ വസന്തം എന്ന പദ്ധതിയുടെ ഭാഗമായി കഴിഞ്ഞവർഷം 10 കോടി രൂപയുടെ പുസ്തകങ്ങൾ വിദ്യാലയങ്ങളിൽ വിതരണം ചെയ്തുവെന്നും അദ്ദേഹം അറിയിച്ചു.
നിയമസഭാ പുസ്തകോത്സവം വായനാലോകം ഏറ്റെടുത്തു എന്നതാണ് മേളയുടെ രണ്ടാം പതിപ്പിലൂടെ കാണാൻ കഴിയുന്നതെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ പറഞ്ഞു.
സവിശേഷതകൾക്കൊണ്ട് സമ്പന്നമാണ് കേരള നിയമസഭയെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. ഇന്ത്യക്ക് ആകെ മാതൃകയായ നിരവധി നിയമ നിർമ്മാണം നടത്തിയിട്ടുള്ള മഹത്തായ സഭയുടെ പുതിയ സംരംഭമാണ് പുസ്തകോത്സവം. ഈ സംരംഭം കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിന്റെ തന്നെ ഭാഗമായി മാറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വരാനിരിക്കുന്ന തലമുറയേയും ഈ തലമുറയേയുമെല്ലാം വായനയുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ട് പോകാൻ ഈ പുസ്തകോത്സവം വലിയ പ്രേരണമായി മാറുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. അന്ധകാരം നിറഞ്ഞ ഈ കെട്ടകാലത്ത് വെളിച്ചവുമായി കടന്നുവരേണ്ടത് പുസ്തകങ്ങളും എഴുത്തുകാരുമാണെന്നും അദ്ദേഹം പറഞ്ഞു.