അധികാരത്തിലിരിക്കുന്നവർ പുസ്തകത്തിലെ ഒരു വാക്കുപോലും പ്രശ്നമാക്കുന്നുവെന്നും എഴുത്തിൽ സ്വാതന്ത്ര്യവും ജനാധിപത്യവുമാണ് ആവശ്യമെന്നും എഴുത്തുകാരിയും സ്ത്രീനാടകപ്രവർത്തകയും ആക്ടിവിസ്റ്റുമായ സി.എസ്. ചന്ദ്രിക പറഞ്ഞു. രണ്ടാം കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തോട് അനുബന്ധിച്ച് ‘എന്റെ എഴുത്തിന്റെയും വായനയുടെയും ജീവിതം’ എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു സി.എസ്. ചന്ദ്രിക. എഴുത്തുകൾ സെൻസർ ചെയ്യപ്പെടുന്നുണ്ട്. അധികാരത്തെ എഴുത്തിലൂടെ വിമർശിക്കുകയാണെങ്കിൽ അവരെ കടന്നാക്രമിക്കപ്പെടുന്നു. എഴുത്തുകാരെ ഭയപ്പെടുന്ന ഹിന്ദു ഫാസിസ്റ്റ് ഗവൺമെന്റാണ് ഇന്ന് രാജ്യം ഭരിക്കുന്നതെന്നും സി.എസ്. ചന്ദ്രിക പറഞ്ഞു.
എഴുത്തുകാരെ സംബന്ധിച്ചടുത്തോളം ഏറ്റവും കൂടുതൽ സന്തോഷം ലഭിക്കുന്നത് എഴുതുന്ന പുസ്തകങ്ങൾ വായനക്കാരിലെത്തുകയും അവർ അതിൽ അഭിപ്രായം പറയുകയും ചെയ്യുമ്പോഴാണ്. സമരവും ആക്ടിവിസവും എന്നും വേദന ആയിരുന്നു. ചിലപ്പോൾ അതെല്ലാം സംതൃപ്തി നൽകുമെങ്കിലും എഴുതുന്നതിലൂടെയാണ് ആനന്ദം കണ്ടെത്തുന്നത്. സമരത്തിനിടെ ലാത്തിച്ചാർജിൽ കൈയ്യൊടിഞ്ഞ് കിടക്കുമ്പോഴാണ് ആദ്യത്തെ പുസ്തകമെഴുതിയത്. ആദ്യത്തെ പുസ്തകം തന്നെ സ്വീകരിക്കപ്പെട്ടുവെന്നും എഴുത്ത് നമ്മുടെ വഴിയാണെന്ന് തോന്നലുണ്ടായെന്നും സി.എസ്. ചന്ദ്രിക പറഞ്ഞു.
തന്നിലെ ആക്ടിവിസവും സാഹിത്യവും നിരന്തരം സംഘട്ടനത്തിൽ ആയിരുന്നുവെന്നും അതുകൊണ്ടുതന്നെ എഴുത്ത് തനിക്കൊരു സമരമായിരുന്നുവെന്നും സി.എസ്. ചന്ദ്രിക ഓർമ്മിപ്പിച്ചു.