EBM News Malayalam
Leading Newsportal in Malayalam

പ്രിയ എഴുത്തുകാരുടെ പുസ്തകങ്ങൾ നെഞ്ചോടു ചേർത്ത്…

രണ്ട് ദിവസം പിന്നിട്ടു കഴിഞ്ഞപ്പോൾത്തന്നെ അ‌നന്തപുരിയിലെ പുസ്തക പ്രേമികൾ നിയമസഭാ മന്ദിരത്തിൽ സംഘടിപ്പിച്ചിട്ടുള്ള കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തെ നെഞ്ചോട് ചേർത്തുകഴിഞ്ഞു. സ്കൂൾ കുട്ടികൾ മുതൽ മുതിർന്ന തലമുറയുടെവരെ വൻ തിരക്കാണ് മേളയിലെ ഓരോ സ്റ്റോളുകൾക്കു മുന്നിലും ദൃശ്യമാകുന്നത്. ഇതോടൊപ്പം മറ്റ് ജില്ലകളിൽനിന്നും പുസ്തകങ്ങൾ തേടി അ‌നുവാചകർ എത്തിത്തുടങ്ങിയതും മേളയെ കൂടുതൽ ജന്രപിയമാക്കിമാറ്റിയിട്ടുണ്ട്. യുവാക്കളുടെ പങ്കാളിത്തം ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു.
നിയമസഭാ അങ്കണത്തിൽ സജ്ജീകരിച്ച സ്റ്റാളുകൾ സന്ദർശിക്കാനും പുസ്തകങ്ങൾ വാങ്ങാനുമായി എത്തുന്ന പുസ്തക പ്രേമികളുടെ കാഴ്ച വായനാലോകത്തിന് ഏറെ പ്രതീക്ഷ നൽകുന്നതാണ്. പുസ്തകോത്സവത്തിൽ എത്തുന്നവരിൽ നല്ലൊരു ശതമാനം കുട്ടികളാണ്. വായിച്ചുവളരുന്ന പുതുതലമുറയെ ഇതിൽ കണ്ടെത്താനാവുന്നു.
പ്രമേയം കൊണ്ടും അവതരണം കൊണ്ടും വ്യത്യസ്തത നിറഞ്ഞവയാണ് അറിവിന്റെ മഹോത്സവമായ നിയമസഭാ പുസ്തകോത്സവ വേദികളിലെ ചർച്ചകളും സംവാദങ്ങളും. കലാ- സാംസ്‌കാരിക – രാഷ്ട്രീയ – സാഹിത്യ രംഗത്തെ പ്രമുഖരെ നേരിൽ കാണാനും അവരുമായി ആശയങ്ങൾ പങ്കുവയ്ക്കാനുമുള്ള വേദി എന്ന നിലയിലും പുസ്തകോത്സവം ശ്രദ്ധ നേടിക്കഴിഞ്ഞു. കുഞ്ഞുങ്ങളെ പുസ്തകങ്ങളുമായി അടുപ്പിക്കാനും വായനാലോകത്തിലേക്ക് അവരെ കൈപിടിച്ചു നടത്താനും നിയമസഭാ പുസ്തകോത്സവത്തിലൂടെ ഒരവസരം ലഭിച്ചതായി അധ്യാപകരും രക്ഷിതാക്കളും അഭിപ്രായപ്പെട്ടു.
സ്റ്റാളുകളിൽ നിന്ന് സ്റ്റാളുകളിലേക്കും വേദികളിലേക്കും നടന്ന് തളർന്നവർക്ക് ക്ഷീണമകറ്റാൻ ഭക്ഷണ പാനീയങ്ങളുമായി ഫുഡ്കോർട്ടും സജ്ജമാണ്. പുസ്തകോത്സവം നടക്കുന്ന നിയമസഭാ അങ്കണവും ഫുഡ് കോർട്ടും പരിസര പ്രദേശവുമൊക്കെ വൃത്തിയായി സൂക്ഷിക്കാൻ നിയമസഭാ ജീവനക്കാരോടൊപ്പം സന്ദർശകരും ശ്രദ്ധിക്കുന്നുണ്ട് എന്നത് പ്രത്യാശ നൽകുന്നുണ്ട്. കേരളത്തിന്റെ സാമൂഹിക മാറ്റങ്ങളുടെ അടയാളം കൂടിയായി മാറുകയാണ് നിയമസഭ പുസ്തകോത്സവം. രാത്രി ഒൻപതുവരെ നീളുന്ന പ്രദർശന സമയത്ത് കലാപരിപാടി ആസ്വദിക്കാനും ദീപാലംകൃതമായ നിയമസഭാ മന്ദിരത്തിന്റെ പശ്ചാത്തലത്തിൽ സെൽഫികൾ എടുക്കാനും കുടുംബസമേതം എത്തുന്നവരുടെ തിരക്കും കുറവല്ല.