ചോദ്യങ്ങളെ ഭയപ്പെട്ടിട്ടല്ല: മാധ്യമങ്ങളെ കാണാതിരുന്നതിന് കാരണം വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം: ചോദ്യങ്ങളെ ഭയപ്പെട്ടിട്ടല്ല മാധ്യമങ്ങളെ കാണാതിരുന്നതെന്നും അതിന് കാരണമുണ്ടായിരുന്നെന്നും വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. മകള്‍ വീണാ വിജയനിലൂടെ തന്നിലേക്കെത്താനാണ് ആദായ നികുതി വകുപ്പ് ശ്രമിച്ചതെന്നും മാസപ്പടി വിവാദത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പറഞ്ഞു. മാധ്യമങ്ങളെ വേണ്ട എന്നുവെച്ചിരുന്നെങ്കില്‍ ഇപ്പോള്‍ താന്‍ വരുമോയെന്നും അദ്ദേഹം ചോദിച്ചു.
‘മാധ്യമങ്ങളെ കാണുന്നതില്‍ ഗ്യാപ്പ് വന്നതിന് മറ്റു പ്രശ്‌നങ്ങളൊന്നുമില്ല. എല്ലാ ദിവസവും നിങ്ങളെ കാണറില്ലായിരുന്നല്ലോ. ആവശ്യമുള്ളപ്പോള്‍ കാണും, അത് ഇനിയും ഉണ്ടാകും. ചില പ്രത്യേക പ്രശ്‌നങ്ങളുണ്ടായിരുന്നു. ശബ്ദത്തിന് ഒരു പ്രശ്‌നംവന്നു. അങ്ങനെയുള്ള കാര്യങ്ങളൊക്കെ ബാധിച്ചിട്ടുണ്ട്. ചോദ്യങ്ങളെ ഞാന്‍ ഭയപ്പെട്ടിട്ടുണ്ടോ? ചോദിക്കുന്നതിന് മറുപടി പറയാറുണ്ട്. അതില്‍ അസ്വാഭാവികതയും ഇല്ല,’ മുഖ്യമന്ത്രി വ്യക്തമാക്കി.