EBM News Malayalam
Leading Newsportal in Malayalam

നിപ വൈറസ് ശ്വാസകോശത്തെ ബാധിക്കും, രോഗലക്ഷണങ്ങളില്‍ മാറ്റം


കോഴിക്കോട്: വീണ്ടും നിപ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതിന് പിന്നാലെ എങ്ങും ജാഗ്രതയോടെ കാര്യങ്ങളെ വിലയിരുത്തുകയാണ്. മുന്‍ വര്‍ഷങ്ങളില്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത നിപ വൈറസ് ബാധിതരെ അപേക്ഷിച്ച് ഇത്തവണ രോഗലക്ഷണങ്ങളില്‍ മാറ്റമുണ്ടെന്ന് കോഴിക്കോട് ആസ്റ്റര്‍ മിംസിലെ ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം ഡയറക്ടര്‍ ഡോ എ.എസ് അനൂപ് കുമാര്‍ പറയുന്നു.

2023 മുമ്പ് 2018, 2019, 2021 എന്നീ വര്‍ഷങ്ങളിലും സംസ്ഥാനത്ത് നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. നേരത്തെ തലച്ചോറിനെ ബാധിക്കുന്ന ലക്ഷണങ്ങളായിരുന്നു രോഗികളില്‍ കണ്ടിരുന്നത്. എന്നാലിപ്പോള്‍ ശ്വാസ കോശത്തെ ബാധിക്കുന്ന ലക്ഷണങ്ങളാണ് കാണിക്കുന്നതെന്നും ഡോക്ടര്‍ പറയുന്നു.

നിപ വന്ന ഭാഗത്തെല്ലാം അത് സ്വയം നിയന്ത്രണ വിധേയമാകുന്നതാണ് കാണാന്‍ കഴിഞ്ഞിരുന്നത്. വൈറസ് ഒരാളില്‍ നിന്ന് അടുത്തയാളിലേക്ക് പടരുമ്പോള്‍ വൈറസിന്റെ ശക്തി കുറയുന്നു. അതുകൊണ്ട് തന്നെ വലുതായി വ്യാപനം ഉണ്ടായിട്ടില്ല. കൂടുതല്‍ ആശങ്ക പെടേണ്ട സാഹചര്യം നിലനില്‍കുന്നില്ലെന്നും ആഴ്ചകള്‍കൊണ്ട് തന്നെ രോഗത്തെ നിയന്ത്രണ വിധേയമാക്കാന്‍ കഴിയുമെന്നും ഡോക്ടര്‍ പറയുന്നു.