EBM News Malayalam
Leading Newsportal in Malayalam

ബിവറേജസിനു മുന്നിൽ മദ്യലഹരിയിൽ 20 രൂപയെ ചൊല്ലി തർക്കം, പിന്നാലെ സംഘർഷം: ഒരാൾ കൊല്ലപ്പെട്ടു, സുഹൃത്തുക്കൾ പിടിയിൽ


കൽപ്പറ്റ: കൽപ്പറ്റ ബിവറേജസിനു മുന്നിൽ മദ്യലഹരിയിൽ ഉണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പുത്തൂർവയൽ സ്വദേശി നിഷാദ് ബാബുവാണ് മരിച്ചത്. സംഭവത്തിൽ രണ്ടുപേരെ കൽപ്പറ്റ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്ക് കല്ലുകൊണ്ട് തലയ്ക്ക് അടിയേൽക്കുകയായിരുന്നു. മരിച്ച നിഷാദ് ബാബുവിൻ്റെ സുഹൃത്തുക്കളായ ചക്കര ശമീർ, കൊട്ടാരം ശരീഫ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്നുമണിയോടെയാണ് സംഭവം. മരിച്ച നിഷാദ് ബാബു സുഹൃത്തുക്കളായ ചക്കര ശമീർ, കൊട്ടാരം ശരീഫ് എന്നിവർക്കൊപ്പമിരുന്നു മദ്യപിച്ചിരുന്നു. ശേഷം കൽപ്പറ്റ ബിവറേജസിന് സമീപത്തെത്തി വീണ്ടും മദ്യം വാങ്ങാൻ ശ്രമിക്കുകയായിരുന്നു. വീണ്ടും മദ്യം വാങ്ങുന്നതിൻ്റെ പേരിൽ 20 രൂപയെ ചൊല്ലി മൂവരും തമ്മിൽ വാക്കുതർക്കമുണ്ടായി. തൊട്ടുപിന്നാലെ, ശമീറും ഷരീഫും ചേർന്ന് നിഷാദിനെ മർദിക്കുകയായിരുന്നു. ഇവർ നിഷാദ് ബാബുവിനെ കല്ലുകൊണ്ടും മർദിച്ചതായി പൊലീസ് പറഞ്ഞു.

കല്ലുകൊണ്ടുള്ള മ‍ർദ്ദനത്തിൽ മുഖത്ത് സാരമായ പരിക്കുകളുണ്ട്. അടിപിടിക്ക് ഇടയിൽ നിഷാദ് നിലത്തു വീണു. ഇതോടെ, ഇരുവരും സ്ഥലം വിട്ടു. പിന്നാലെ, നിഷാദ് എഴുന്നേറ്റ് കൽപ്പറ്റ പുതിയ സ്റ്റാൻഡ് പരിസരത്തേക്കുള്ള ബസിൽ കയറിയെങ്കിലും കയറിയ ഉടനെ കുഴഞ്ഞു വീഴുകയായിരുന്നു.

സംഭവം ശ്രദ്ധയിൽപ്പെട്ട ബസ് ജീവനക്കാർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. സംഭവസ്ഥലത്ത് പൊലീസെത്തി നിഷാദിനെ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പോസ്റ്റുമോർട്ടത്തിന് ശേഷമെ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട നിഷാദ് ബാബുവിന്റെ പോസ്റ്റുമോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.