EBM News Malayalam
Leading Newsportal in Malayalam

എച്ച് വണ്‍ എന്‍ വണ്‍, ഈ രോഗലക്ഷണങ്ങള്‍ ശ്രദ്ധിക്കുക: കൂടുതല്‍ കരുതല്‍ വേണം



ജലദോഷം, പനി, ചുമ, കഫക്കെട്ട് തുടങ്ങി ഏതെങ്കിലും രോഗ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ പോയി വിദഗ്ധ സഹായം തേടണമെന്ന് നിര്‍ദ്ദേശം.

തൃശൂര്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ എച്ച് വണ്‍ എന്‍ വണ്‍ (H1N1) കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടേതാണ് മുന്നറിയിപ്പ്.

എച്ച് വണ്‍ എന്‍ വണ്‍

വായുവിലൂടെ പകരുന്ന വൈറല്‍ പനിയാണ് എച്ച് വണ്‍ എന്‍ വണ്‍. പനി, ജലദോഷം, ചുമ, തൊണ്ടവേദന, ശ്വാസതടസ്സം, എന്നിവയാണ് സാധാരണ കാണുന്ന രോഗ ലക്ഷണങ്ങള്‍. തുടക്കത്തില്‍ തന്നെ ചികിത്സിക്കുകയാണെങ്കില്‍ പ്രശ്‌നം ഗുരുതരമാകാതെ ശ്രദ്ധിക്കാം. ഗര്‍ഭിണികള്‍, പ്രായമായവര്‍, ചെറിയ കുട്ടികള്‍, മറ്റേതെങ്കിലും രോഗമുള്ളവര്‍ ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ കൂടുതല്‍ ശ്രദ്ധിക്കണം. ഇങ്ങനെയുള്ള ലക്ഷണങ്ങള്‍ നിസ്സാരമായി തള്ളിക്കളയുകയും ചികിത്സ വൈകുകയും ചെയ്യുന്നതു കൊണ്ടാണ് അപകടാവസ്ഥയില്‍ എത്തുന്നതും മരണം വരെ സംഭവിക്കുന്നതും.

രോഗം സ്ഥിരീകരിച്ചാല്‍

ഇളം ചൂടുള്ള കഞ്ഞിവെള്ളം പോലെയുള്ള പോഷകഗുണമുള്ള പാനീയങ്ങളും പോഷക സമൃദ്ധമായ ആഹാരങ്ങള്‍ കഴിക്കുവാനും പൂര്‍ണ്ണ വിശ്രമമെടുക്കുവാനും ശ്രദ്ധിക്കണം. പൊതു ഇടങ്ങളില്‍ മാസ്‌ക് ഉപയോഗിക്കണം. ചുമ മര്യാദകള്‍ പാലിക്കുവാനും (തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായ, മൂക്ക്, എന്നിവ തൂവാല കൊണ്ട് മറയ്ക്കുവാനും) ശ്രദ്ധിക്കണം.