EBM News Malayalam
Leading Newsportal in Malayalam

തര്‍ക്കം, സംശയം, കൊലപാതകം; ഇന്ന് മലയാളിയെ ഞെട്ടിച്ച മൂന്ന് അസ്വാഭാവിക മരണം


തിരുവനന്തപുരം: ജില്ലയില്‍ ഇന്ന് മൂന്ന് അസ്വാഭാവിക മരണം. അരുവിക്കരയില്‍ നവവധുവിനെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതായിരുന്നു ആദ്യത്തെ വാർത്ത. ആറ്റിങ്ങല്‍ പൊയ്കമുക്ക് സ്വദേശിനി രേഷ്മ (23) യാണ് മരിച്ചത്. ഇന്ന് വെളുപ്പിന് മൂന്ന് മണിക്കാണ് സംഭവം. ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ആത്മഹത്യാക്കുറിപ്പിൽ എഴുതിവെച്ച ശേഷമായിരുന്നു രേഷ്മ ആത്മഹത്യ ചെയ്തത്. രാവിലെ വാതില്‍ തുറക്കാത്തതിനാല്‍ വീട്ടുകാര്‍ നോക്കിയപ്പോഴാണ് രേഷ്മ ബെഡ്റൂമിലെ ഫാനില്‍ തൂങ്ങി നില്‍ക്കുന്നത് കണ്ടത്. ഭര്‍ത്താവ് അക്ഷയ് രാജ് വീട്ടില്‍ ഉണ്ടായിരുന്നില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

നെടുമങ്ങാട് ആര്യനാട് പുതുകുളങ്ങര – കന്യാരുപ്പാറ ഭര്‍തൃ വീട്ടിലാണ് 23കാരിയായ ബെന്‍സി ഷാജിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. വിതുര മരുതാമല സ്വദേശിനിയാണ് ബെന്‍സി. നരുവാമൂട് സ്വദേശി ജോബിന്‍ ജയിംസ് ആണ് ഭര്‍ത്താവ്. നാലുമാസമായി കന്യാരുപ്പാറയില്‍ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. വീട്ടില്‍ ഇവര്‍ രണ്ടുപേരും മാത്രമാണ് ഉള്ളത്. ബെന്‍സി വിട്ടില്‍ പോകണമെന്നു പറഞ്ഞപ്പോള്‍ വണ്ടി ഓടിക്കാന്‍ പറ്റില്ലെന്ന് ജോബിന്‍ പറഞ്ഞതായി പറയുന്നു. അതിന്റെ മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണം എന്നാണ് വിവരം.

തിരുവനന്തപുരം സ്വദേശിനിയായ ദേവ (24) എന്ന യുവതിയാണ് ബെംഗളൂരുവില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ കൊല്ലം സ്വദേശി വൈഷ്ണവിനെ (24) അറസ്റ്റ് ചെയ്തു. ലിവിങ് ടുഗെദർ ആയിരുന്നു ഇരുവരും. ദേവിയെ വൈഷ്ണവ് കുക്കര്‍ ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇരുവരും തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.

(ഓർക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്പ് ലൈൻ നമ്പർ 1056)