EBM News Malayalam
Leading Newsportal in Malayalam

ഇലക്ട്രിക് ഉപകരണങ്ങൾ വാങ്ങുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കൂ: ഊർജ ഉപയോഗം കുറയ്ക്കാം


തിരുവനന്തപുരം: ഇലക്ട്രിക് ഉപകരണങ്ങൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം വിശദമാക്കി വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. ഇലക്ട്രിക് ഉപകരണങ്ങൾ വാങ്ങുമ്പോൾ ഫൈവ് സ്റ്റാർ ലേബൽ ഉള്ളവ വാങ്ങണമെന്ന് അദ്ദേഹം അറിയിച്ചു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഊർജ്ജ സംരക്ഷണ നിയമത്തിലെ 14 (d) വകുപ്പ് പ്രകാരം ഊർജ്ജോപയോഗം കൂടുതലുള്ളതും കൂടുതൽ ആൾക്കാർ കൂടുതൽ സമയം ഉപയോഗിക്കുന്നതുമായ വൈദ്യുതോപകരണങ്ങളും മറ്റു ഊർജ്ജോപയോഗ ഉപകരണങ്ങളും കണ്ടെത്തി, അവയ്ക്ക് മുൻഗണനാക്രമത്തിൽ സ്റ്റാർ ലേബലിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്. എയർ കണ്ടീഷൻ, റഫ്രിജറേറ്റർ, വാട്ടർ ഹീറ്റർ,സീലിംഗ് ഫാൻ, ടി വി., എൽഇഡി ബൾബ് തുടങ്ങിയ ഉപകരണങ്ങൾക്ക് സ്റ്റാർ ലേബലിംഗ് നിലവിലുണ്ട്. ഇത്തരം ഉപകരണങ്ങൾക്ക് അവയുടെ ഊർജ്ജ കാര്യക്ഷമതയനുസരിച്ച് സ്റ്റാർ ലേബലിംഗ് നൽകിവരുന്നു. പ്രസ്തുത ലേബലിൽ ഒന്ന് മുതൽ അഞ്ച് സ്റ്റാറുകളുണ്ട്. ഏറ്റവും ഊർജ്ജ കാര്യക്ഷമത കൂടിയ ഉപകരണത്തിന് അഞ്ച് സ്റ്റാർ നൽകുന്നു. ഊർജ്ജ കാര്യക്ഷമത കുറയുന്നതിനനുസരിച്ച് സ്റ്റാറുകളുടെ എണ്ണം കുറയുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

വൈദ്യുതോപകരണങ്ങൾ വാങ്ങുമ്പോൾ ഊർജകാര്യക്ഷമത കൂടിയതും, ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി നൽകുന്ന ഫൈവ് സ്റ്റാർ റേറ്റിംഗ് ഉള്ളതുമായ ഉപകരണങ്ങൾ മാത്രം വാങ്ങാൻ ശ്രദ്ധിക്കുക. ഇതിലൂടെ ഊർജ്ജം ഉപയോഗം കുറയ്ക്കുവാൻ സാധിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.