മസില്‍ പെരുപ്പിക്കുക എന്നത് ഇപ്പോള്‍ ഒരു ട്രെന്‍ഡാണ്. അതിനുവേണ്ടി എന്തു കഷ്ടപ്പാടുകളും സഹിക്കാന്‍ ന്യൂജനറേഷന്‍ തയ്യാറാണ്. എന്നാല്‍, ആവശ്യത്തില്‍ കൂടുതല്‍ മസിലുകള്‍ വളര്‍ത്തുന്നവര്‍ ചിലരുടെ ജീവിതം അറിഞ്ഞിരിക്കുക. കാരണം ഒരുപക്ഷെ വിവിധ മരുന്നുകളുടെ ഉപയോഗം മൂലം നിങ്ങള്‍ സ്വയം മരണത്തിലേക്ക് നീങ്ങുകയാവാം. മുൻപ് നടന്ന സംഭവമാണ്.
പരംഗ് പുരയിലെ ജിം ഇന്‍സ്ട്രക്ടര്‍ ആയിരുന്നു ഹമീദ് അലി എന്ന ഊർജ്ജസ്വലനായ യുവാവ്. പഠനത്തില്‍ താല്‍പ്പര്യം ഇല്ലാതിരുന്ന അലി തൻ്റെ കഠിന പരിശ്രമം മൂലം 16 വയസ്സില്‍ തന്നെ ജിം തുടങ്ങി. വളരെ പെട്ടെന്ന് തന്നെ ഉറച്ച മസിലുകള്‍ ഉണ്ടാക്കിയെടുക്കാന്‍ അലിക്ക് ആയി.
ജിംനേഷ്യവും ശിഷ്യന്മാരുമായി ബിസിനസ്സ് നന്നായി പോകുമ്പോഴാണ് അലിയുടെ പെട്ടെന്നുള്ള മരണം. അസുഖങ്ങളൊന്നും അലിക്കുണ്ടായിരുന്നില്ല. കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. എന്നാല്‍, പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണം ഹൃദയാഘാതം മൂലമാണെന്ന് സ്ഥിരീകരിച്ചു
സ്റ്റിറോയിഡുകളുടെ അമിത ഉപയോഗമാണ് അലിയുടെ മരണത്തിന് കാരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മസിലുകള്‍ വെയ്ക്കാനും, ശരീര സൗന്ദര്യം നിലനിര്‍ത്താനും അലി സ്റ്റിറോയിഡുകള്‍ ഉപയോഗിച്ചിരുന്നു എന്ന് കണ്ടെത്തുകയായിരുന്നു. ശരീര സൗന്ദര്യം കൂട്ടാനും മസിലുകള്‍ വയ്ക്കാനും മിക്ക ജിം ഇന്‍സ്ട്രക്ടര്‍മാരും ജിമ്മിലെത്തുന്നവര്‍ക്ക് സ്റ്റിറോയിഡുകള്‍ നല്കാറുണ്ട്. ഈ ഒരു വ്യക്തിയുടെ ജീവിതം മാത്രമല്ല. ഇങ്ങനെ ഒട്ടേറെ പേരുടെ ജീവിതം.
കൊച്ചി സ്വദേശിയായ റിജോയുടെ മരണവും സമാനമാണ്. റിജോയുടെ മരണശേഷം ബന്ധുക്കള്‍ റൂം പരിശോധിച്ചപ്പോഴാണ് സ്റ്റിറോയിഡുകളും മസില്‍ പെരുപ്പിക്കാന്‍ ഉപയോഗിക്കുന്ന കുത്തി വയ്പ്പുകളും കണ്ടെത്തിയത്. കൂടാതെ ഇന്ത്യയ്ക്ക് വെളിയിലും നിരവധി മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മസിലിന്റെ സൗന്ദര്യം കൊണ്ട് ശ്രദ്ധ നേടിയ ഹോളിവുഡ് നടൻ അർണോൾഡ് സ്വാറ്റ്സെനെഗർ ഹൃദ്രോഗം മൂലം ബൈപ്പാസ് സർജറിക്ക് വിധേയനായിട്ടുണ്ട്.
അതേസമയം, പല യുവാക്കളുടെയും മസിൽ അവരുടെ കഠിനാധ്വാനം മൂലം ഉണ്ടാകുന്നതാണ്. ഏതൊരു കായിക ഇനം പോലെയും കഠിനാധ്വാനവും അര്‍പ്പണബോധവും ബോഡി ബില്‍ഡിങ്ങിനും കൂടിയേ തീരൂ. സല്‍മാന്‍ ഖാന്‍ മുതല്‍ ഉണ്ണിമുകുന്ദന്‍ വരെയുള്ള നടന്മാരെ കണ്ട് പ്രചോദനമുണ്ടായി ജിമ്മിലെത്തുന്നവരുടെ വിചാരം തങ്ങൾക്ക് വളരെ വേഗം വലിയ അധ്വാനമില്ലാതെ മസിൽ വരുമെന്നാണ്.
ഒരു ശരാശരി കൗമാരക്കാരുടെ ദുശ്ശീലങ്ങളൊന്നും ജിമ്മില്‍ പരിശീലിക്കുമ്പോള്‍ പാടില്ല. സിഗരറ്റ്, മദ്യം, പാൻമസാല ഇതൊന്നും ഉപയോഗിക്കരുത്. സ്റ്റിറോയിഡ് തന്നെ ശരീരത്തിന് മാരകമായ ദൂഷ്യം ചെയ്യുമെന്നതിനോടൊപ്പം സ്റ്റിറോയിഡ് ഉപയോഗിച്ച് വര്‍ക്കൗട്ട് ചെയ്തില്ലെങ്കില്‍ മസിലുണ്ടാകില്ലെന്നും അറിയണം.