EBM News Malayalam
Leading Newsportal in Malayalam

പുതുപ്പള്ളിയില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ച് സിപിഎം: മുഖ്യമന്ത്രി പിണറായി വിജയന്‍ മൂന്ന് ദിവസം മണ്ഡലത്തില്‍



തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശക്തികൂട്ടാന്‍ കരുക്കള്‍ നീക്കി ഇടതുമുന്നണി. മുഖ്യമന്ത്രി പിണറായി വിജയന് പുറമെ കൂടുതല്‍ മന്ത്രിമാരും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസിനായി പ്രചാരണത്തിനിറങ്ങും. മുഖ്യമന്ത്രി മൂന്ന് ദിവസവും മന്ത്രിമാര്‍ വിവിധ ദിവസങ്ങളിലായി നടക്കുന്ന പൊതുപരിപാടികളിലും
പങ്കെടുക്കുന്നതിനായി പുതുപ്പള്ളിയിലെത്തും.

Read Also: വാഹനരേഖകളില്‍ ഇനി ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പർ: വാഹനരേഖകളില്‍ പരിഷ്കാരം വരുത്തി മോട്ടോർ വാഹന വകുപ്പ്

ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്നുണ്ടായ ഉപതെരഞ്ഞെടുപ്പില്‍ വികസനം ചര്‍ച്ചയാക്കി വോട്ട് പിടിക്കാനാണ് ഇടത് മുന്നണിയുടെ ശ്രമം. ഇതിനായി മണ്ഡലത്തിലുടനീളം വികസന സദസുകള്‍ സംഘടിപ്പിക്കും.

ഓഗസ്റ്റ് 24ന് നടക്കുന്ന പരിപാടിയില്‍ മാത്രമാകും മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുക എന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഓഗസ്റ്റ് 30നും സെപ്റ്റംബര്‍ ഒന്നിനും നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കാനായി വീണ്ടും മുഖ്യമന്ത്രി പുതുപ്പള്ളിയിലെത്തും. 24ന് പുതുപ്പള്ളി, അയര്‍ക്കുന്നം പഞ്ചായത്തുകളില്‍ നടക്കുന്ന പരിപാടിയില്‍ സംസാരിച്ചുകൊണ്ടാകും മുഖ്യമന്ത്രി പ്രചാരണത്തിന്റെ ഭാഗമാവുക. തുടര്‍ന്ന് 30ന് കൂരോപ്പട, മീനടം, മണര്‍കാട് എന്നിവിടങ്ങളിലും സെപ്റ്റംബര്‍ ഒന്നിന് മറ്റക്കര, പാമ്പാടി, വാകത്താനം പഞ്ചായത്തുകളിലും മുഖ്യമന്ത്രി സംസാരിക്കും. മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും പിണറായി വിജയനെ പങ്കെടുപ്പിക്കും വിധത്തിലാണ് പ്രചാരണം ആസൂത്രണം ചെയ്തിരിക്കുന്നത്.