തിരുവനന്തപുരം: ജോലി ചെയ്തു കുടുംബം പുലർത്താൻ കേരളത്തിൽ എത്തിയ പശ്ചിമ ബംഗാൾ സ്വദേശി ബിർഷു റാബ ലോട്ടറി അടിച്ച തുകയുമായി വിമാനത്തിൽ നാട്ടിൽ പറന്നിറങ്ങി. സിനിമയിലെ ഹീറോയെ പോലെ നാട്ടിൽ പറന്നിറങ്ങാൻ ബിർഷു റാബയെ സഹായിച്ചത് തമ്പാനൂർ പോലീസാണ്. കുറച്ച് ദിവസം മുൻപ് ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപ ബിർഷു റാബയ്ക്ക് ലഭിച്ചിരുന്നു. കോടിപതിയായതോടെ സുരക്ഷ തേടി തമ്പാനൂർ പൊലീസ് സ്റ്റേഷനിലേക്ക് ബിർഷു റാബ എത്തിയത് അന്ന് വാർത്തയായിരുന്നു. ഇതോടെ ഇദ്ദേഹത്തിന്റെ സംരക്ഷണം പോലീസ് ഏറ്റെടുത്തു.
Read Also: എന്തിന് ജനങ്ങളെ കബളിപ്പിക്കണം: ഇന്ത്യ മുന്നണിയ്ക്ക് പുതുപ്പള്ളിയിൽ ഒരു സ്ഥാനാർത്ഥി പോരേയെന്ന് കെ സുരേന്ദ്രൻ
ലുലു മാളിലെ ഫെഡറൽ ബാങ്ക് ശാഖയിൽ നിന്ന് പോലീസ് ഇടപെട്ട് അക്കൗണ്ട് എടുത്ത് നൽകി. കഴിഞ്ഞ ദിവസം ലോട്ടറി അടിച്ച തുകയിൽ നികുതി പണം കുറവ് ചെയ്തുള്ള 66 ലക്ഷം രൂപ അക്കൗണ്ടിലേക്ക് എത്തി. തുടർന്ന് പോലീസ് ഇടപെട്ട് വിമാനത്തിൽ നാട്ടിലേക്ക് അയക്കുകയായിരുന്നു.
സുരക്ഷിതമായി നാട്ടിലെത്തിയെന്നും ബന്ധുക്കൾക്ക് ഒപ്പം സുഖമായി ഇരിക്കുന്നതായും ബിർഷു റാബ പോലീസിനെ അറിയിച്ചു. തമ്പാനൂരിലെ ഒരു ലോട്ടറിക്കച്ചവടക്കാരന്റെ പക്കൽ നിന്നാണ് ജൂൺ അവസാനം ടിക്കറ്റെടുത്തത്. സംസ്ഥാന സർക്കാരിനും പോലീസിനും നന്ദി അറിയിച്ചുള്ള വിഡിയോയും തമ്പാനൂർ സിഐക്ക് ബിർഷു റാബ അയച്ചു കൊടുത്തു.
Read Also: പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചു: രണ്ടുപേർ അറസ്റ്റിൽ