EBM News Malayalam
Leading Newsportal in Malayalam

മാധ്യമ പ്രവര്‍ത്തകന്‍ കടവില്‍ റഷീദിന് ഐക്യഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മാധ്യമപ്രവര്‍ത്തക യൂണിയന്‍

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശനെതിരായ വാര്‍ത്താസമ്മേളനത്തിനിടെ, ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകന്‍ കടവില്‍ റഷീദിനോട് മോശമായി പെരുമാറിയ മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ മാപ്പു പറയണമെന്ന് മാധ്യമപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അറിയിച്ചു. സെന്‍കുമാറിനെ ഡിജിപിയാക്കിയത് തനിക്ക് പറ്റിയ ഒരു പാതകമാണെന്ന ചെന്നിത്തലയുടെ പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യത്തെത്തുടര്‍ന്ന് സെന്‍കുമാര്‍ മാധ്യമപ്രവര്‍ത്തകനോട് തട്ടിക്കയറുകയായിരുന്നു.

കൂടാതെ താങ്കള്‍ ഡിജിപിയായിരുന്നപ്പോള്‍ ഈ വിഷയത്തില്‍ എന്ത് ചെയ്തുവെന്ന് കൂടി ചോദിച്ചപ്പോള്‍ സെന്‍കുമാര്‍ ക്ഷുഭിതനാവുകയായിരുന്നു. അതേസമയം ഗുണ്ടകളുമായാണ് സെന്‍കുമാര്‍ വാര്‍ത്താ സമ്മേളനത്തിന് എത്തിയത്. അവര്‍ റഷീദിനെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. ഇവര്‍ക്കെതിരെ പൊലീസ് കേസ് എടുക്കണമെന്നും മാധ്യമ പ്രവര്‍ത്തകരുടെ സഹിഷ്ണുത കൊണ്ടു മാത്രമാണ് വലിയ അനിഷ്ട സംഭവമായി ഇത് മാറാത്തത്.

വാര്‍ത്താ സമ്മേളനം നടത്തുന്നവരും മാധ്യമ പ്രവര്‍ത്തകരും ഒഴികെ ആരും വാര്‍ത്താ സമ്മേളന ഹാളില്‍ പ്രവേശിക്കാതിരിക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണം. അനാരോഗ്യം മറന്നു മാധ്യമ പ്രവര്‍ത്തനം നടത്തുന്നയാളാണ് റഷീദ്. അദ്ദേഹത്തിന് എല്ലാ ഐക്യഐക്യദാര്‍ഢ്യവും യൂണിയന്‍ പ്രഖ്യാപിക്കുന്നു. സെന്‍കുമാറിന്റെ നിലവിട്ട പെരുമാറ്റം ഇനിമേല്‍ മാധ്യമ പ്രവര്‍ത്തകരോട് വേണ്ട. ഈ സംഭവത്തെ ഒരിക്കല്‍ക്കൂടി അപലപിക്കുന്നതായും യൂണിയന്‍ വ്യക്തമാക്കി.