EBM News Malayalam
Leading Newsportal in Malayalam

കുറ്റമേല്‍ക്കുന്നതുവരെ നിരന്തരം മുഖത്തടിച്ചു: റവന്യൂ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടി



ബംഗളൂരു: സ്വര്‍ണക്കടത്ത് കേസില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണവുമായി കന്നട നടി രന്യ റാവു. തന്നെ മര്‍ദിച്ച് കുറ്റം സമ്മതിപ്പിച്ചതാണെന്നും കുറ്റമേല്‍ക്കുന്നതുവരെ നിരന്തരം മുഖത്തടിച്ചെന്നും രന്യ റാവു ഡിആര്‍ഐ അഡീഷണല്‍ ഡയറക്ടര്‍ക്ക് അയച്ച കത്തില്‍ പറയുന്നു. ഡിജിപിയായ പിതാവിനെ കേസില്‍ ചേര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും . ബ്ലാങ്ക് ചെക്കുകളിലും നിരവധി പേപ്പറുകളിലും ഒപ്പുവയ്പ്പിച്ചുവെന്നും രന്യ ആരോപിച്ചു.

കേസില്‍ താന്‍ നിരപരാധിയാണെന്നും അറസ്റ്റിലായ രന്യ പറയുന്നു. ബംഗളൂരു പരപ്പന അഗ്രഹാര ജയില്‍ ചീഫ് സൂപ്രണ്ട് മുഖേനയാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണമുന്നയിച്ച് ഡിആര്‍ഐ അഡീഷനല്‍ ഡയറക്ടര്‍ക്ക് രന്യ കത്തയച്ചിരിക്കുന്നത്.

വിമാനത്തിനുള്ളില്‍ വച്ച് തന്നെ അറസ്റ്റ് ചെയ്തതിന് പിന്നാലെ വിശദീകരണം നല്‍കാന്‍ പോലും അവസരം നല്‍കാതെയാണ് കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കുന്നതുവരെ, തനിക്ക് തിരിച്ചറിയാന്‍ കഴിയുന്ന ഉദ്യോഗസ്ഥര്‍ ശാരീരികമായി ആക്രമിച്ചു. പതിനഞ്ചോളം തവണ അടിച്ചു. ആവര്‍ത്തിച്ചുള്ള മര്‍ദനങ്ങളേറ്റിട്ടും അവര്‍ തയാറാക്കിയ പ്രസ്താവനകളില്‍ ഒപ്പിടാന്‍ താന്‍ വിസമ്മതിച്ചു. എന്നാല്‍ പിന്നാലെ കടുത്ത സമ്മര്‍ദത്തിനു വഴങ്ങി അറുപതോളം ടൈപ്പ് ചെയ്ത പേജുകളിലും 40 ശൂന്യമായ പേജുകളിലും ഒപ്പിടാന്‍ താന്‍ നിര്‍ബന്ധിതയായെന്നും രന്യ കത്തില്‍ പറയുന്നു.

ഇക്കഴിഞ്ഞ മാര്‍ച്ച് നാലിനാണു സ്വര്‍ണക്കടത്ത് കേസില്‍ നടി രന്യ റാവു അറസ്റ്റിലായത്. 12.56 കോടി രൂപ വിലവരുന്ന 14.8 കിലോ ഗ്രാം സ്വര്‍ണമാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്.

വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y