EBM News Malayalam
Leading Newsportal in Malayalam

തിയറ്ററുകളിൽ പൊട്ടിച്ചിരി ഉണർത്തിയ മന്ദാകിനി ഇനി മനോരമ മാക്‌സിൽ


”ധൈര്യത്തിനായി ചെറുതൊന്നു അടിക്കാം… കുഴപ്പമില്ല… ഞാനും എന്റെ ആദ്യ രാത്രിയിൽ ഇങ്ങനെ ആയിരുന്നു…” അളിയന്റെ സ്നേഹത്തിൽ വീണു പോയ, ആദ്യരാത്രി ആഹ്ലാദകരമായി ആഘോഷിക്കാൻ ഒരുങ്ങിയ ആരോമലിനു സ്വന്തം കസിൻ കൊടുത്ത എട്ടിന്റെ പണിയാണ് മന്ദാകിനി…

ഏറെ കണ്ട് ശീലിച്ച കല്യാണ പ്പാർട്ടികൾ ,വിവാഹം, വിവാഹാനന്തര ചടങ്ങുകൾ എന്നിവയെ കേന്ദ്രീകരിച്ചുകൊണ്ട് അവതരിപ്പിക്കപ്പെട്ട ചിത്രമാണ് മന്ദാകിനി. പൂ സ്ഥിരം പ്ലോട്ട് ആണെങ്കിൽ കൂടിയും അതിനെ മികവുറ്റ രീതിയിൽ ഹാസ്യ രസ പ്രധാനമായ രീതിയിൽ അവതരിപ്പിക്കാൻ വിനോദലീല എന്ന സംവിധായകന് കഴിഞ്ഞയിടത്താണ് മന്ദാകിനി എന്ന സിനിമ വിജയം നേടുന്നത്. ഡ്രൈവിംഗ് സ്കൂൾ നടത്തുന്ന രാജലക്ഷ്മിയുടെ മകൻ ആരോമലും അമ്പിളിയും തമ്മിലുള്ള വിവാഹവും വിവാഹത്തെ തുടർന്ന് രാത്രിയിൽ നടക്കുന്ന സംഭവങ്ങളുമാണ് മന്ദാകിനിയെ സംഘർഷഭരിതമായ അന്തരീക്ഷത്തിലൂടെയാക്കി മാറ്റുന്നത്. ഒരൊറ്റ ദിവസത്തെ സംഭവങ്ങൾ കോർത്തിണക്കി, മനോഹരമായി കഥ പറഞ്ഞ മന്ദാകിനി തിയറ്ററുകളിൽ വൻ വിജയമാണ് നേടിയത്. ചിത്രം ഉടൻ മനോരമ മാക്‌സിൽ എത്തും.

വിവാഹ വീട്ടിൽ എത്തിച്ചേരുന്ന വധൂവരന്മാർ അവരുടെ ഇടപെടലുകൾ, സംഭാഷണങ്ങൾ, ചായ സൽക്കാരങ്ങൾ ,ബന്ധു ജനങ്ങളുടെ കടന്നുവരവ്, കൂട്ടുകാരുടെ കടന്നു വരവ്, മദ്യപാനങ്ങൾ ഉൾപ്പെടെ അതിനിടയിൽ സംഭവിക്കുന്ന പരാമർശങ്ങൾ എന്നിവയിലൂടെയാണ് മന്ദാകിനി വികസിതമാകുന്നത്. വരന്റെ ഗൃഹത്തിലെത്തിയ നവവധു പൂർവ്വകാല കാമുകനെ കാണണമെന്ന് ആവശ്യപ്പെടുന്നത് ആ കുടുംബത്തിനുള്ളിൽ വലിയ സ്ഫോടനമാണ് സൃഷ്ടിക്കുന്നത് . ആരോമലിന്റെ ദാമ്പത്യത്തിന്റെ അവസ്ഥ ഇനി എന്ത് എന്നുള്ള ആലോചനക്കൊടുവിലാണ് നിലവിൽ നേരിടുന്ന പ്രശ്നം പരിഹരിക്കുവാൻ അമ്മായിയമ്മ മരുമകളുമായി രംഗത്തിറങ്ങുന്നത്. തന്നെ തേച്ചിട്ട് പോയ , സാമ്പത്തികമായി ചൂഷണം ചെയ്ത , തൻ്റെ വിവാഹത്തിൽ ആർഭാടങ്ങളോടെ പങ്കെടുത്ത് സദ്യ കഴിച്ച് ആഘോഷിക്കുന്ന പൂർവ്വ കാമുകനെ മര്യാദ പഠിപ്പിച്ചിട്ട് അച്ചടക്കമുള്ള മരുമകളായി അമ്പിളി മാറുന്നു..

ഒരുതലത്തിൽ മന്ദാകിനി എന്ന സിനിമ സംവിധായകരുടെ സിനിമ കൂടിയാണ് എന്ന് പറയേണ്ടിവരും. നായകനായ അൽത്താഫ്, നായികയുടെ അച്ഛനായി എത്തിയ ലാൽ ജോസ്, സുഹൃത്തുക്കളായി എത്തിയ അജയ് വാസുദേവ്, ജിയോ ബേബി, പോലീസുകാരനായ ജൂഡ് ആൻറണി തുടങ്ങിയ സംവിധായക പ്രതിഭകളുടെ സംഗമം മന്ദാകിനിയിൽ കാണാവുന്നതാണ്.

സവിശേഷമായ ഒരു നിലയിൽ ഒരു സ്ത്രീപക്ഷ സിനിമയാണ് മന്ദാകിനി എന്നുകൂടി പറയേണ്ടിവരും. ഭർത്താവ് മരിച്ചപ്പോൾ അഭിമുഖീകരിക്കേണ്ടി വന്ന പ്രതിസന്ധികളെ മറികടക്കുന്നതിനായി രാജലക്ഷ്മി ഭർത്താവിന്റെ ഡ്രൈവിംഗ് സ്കൂൾ ഏറ്റെടുത്ത് നടത്തി, സധൈര്യം കുടുംബം പുലർത്തുന്നു. അതുകൊണ്ടുതന്നെ കരുത്തുറ്റ നിലപാടുകൾ ഉള്ള ഒരു വനിതയാണ് രാജലക്ഷ്മി എന്ന അമ്മ .മരുമകളുടെ ഒരു പ്രശ്നം പരിഹരിക്കുന്നതിനായി ധൈര്യപൂർവ്വം മുന്നിട്ടിറങ്ങുന്ന രാജലക്ഷ്മി അമ്പിളി എന്ന പെൺകുട്ടിക്ക് നൽകുന്ന ധൈര്യവും ചില്ലറയല്ല. പപ്പിലിയോ ബുദ്ധയുൾപ്പെടെ ഉള്ള ചിത്രങ്ങളിലൂടെ പരിചിതയായ സരിത യുടെ ഗംഭീര പെർഫോമൻസാണ് മന്ദാകിനിയുടെ ഹൈലൈറ്റ്.



വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y