EBM News Malayalam
Leading Newsportal in Malayalam

കളിയിക്കാവിള എഎസ്ഐ വെടിയേറ്റ് മരിച്ചതില്‍ കൊലപാതക ആസൂത്രണം നടന്നത് കടര്‍ണാടത്തിലും ഡല്‍ഹിയിലും

തിരുവനന്തപുരം: കളിയിക്കാവിളയില്‍ എഎസ്ഐ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ആസൂത്രണം ചെയ്തത് 17 അംഗ സംഘമാണെന്നും ഇവരില്‍ മൂന്ന് പേര്‍ക്ക് ചാവേര്‍ ആകാന്‍ പരിശീലനം കിട്ടിയതായും പോലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് കൊലപാതകത്തിന്റെ ആസൂത്രണം നടന്നത് കടര്‍ണാടത്തിലും ഡല്‍ഹിയിലുമെന്നാണ് വിവരം. സംഭവം നടന്ന ദിവസം നാലു പേരായിരുന്നു ഉണ്ടായിരുന്നതെന്നും രണ്ടുപേര്‍ കാറില്‍ തന്നെ ഇരുന്നതായും തമിഴ്നാട്ടിലെ ക്യൂ ബ്രാഞ്ച് അറസ്റ്റിലായ പ്രധാന പ്രതികള്‍ അബ്ദുള്‍ ഷമീമും തൗഫീഖും ചോദ്യം ചെയ്യലില്‍ പറഞ്ഞിരുന്നു.

ഇവരാണ് വില്‍സണെ കുത്തുകയും വെട്ടുകയും വെടിവെയ്ക്കുകയും ചെയ്തത്. അതിന് ശേഷം ഇവര്‍ വന്ന വാഹനത്തില്‍ തന്നെയാണ് രക്ഷപ്പെടുകയും ചെയ്തത്. തുടര്‍ന്ന് ഉഡുപ്പിയില്‍ നിന്നും പ്രധാന പ്രതികളെ രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നിരോധിത തീവ്രവാദ സംഘടനയായ അല്‍ഉമ്മയുടെ പുതിയ രൂപമായ തമിഴ്നാട് നാഷണല്‍ ലീഗിന്റെ പ്രവര്‍ത്തകനായ ഇജാസില്‍നിന്നു ലഭിച്ച പ്രതികളുടെ പുതിയ ഫോണ്‍ നമ്പര്‍ നിരീക്ഷിച്ചാണ് അറസ്റ്റ് നടന്നത്. ചോദ്യം ചെയ്തതില്‍ നിന്നും ഒട്ടേറെ വിവരങ്ങളാണ് കിട്ടിയത്.

രാജ്യം മുഴുവന്‍ ആക്രമണം നടത്താനായിരുന്നു ഇവരുടെ പദ്ധതിയെന്നും സംഘത്തിലെ മൂന്ന് പേര്‍ക്ക് ചാവേറാകാന്‍ നേപ്പാളില്‍ വെച്ച് പരിശീലനം കിട്ടിയിരുന്നു എന്നും ചോദ്യം ചെയ്യലില്‍ വിവരം കിട്ടിയതായിട്ടാണ് പോലീസ് പറഞ്ഞത്. ഡല്‍ഹിയില്‍ നിന്നും ആറുപേരെ കസ്റ്റഡിയില്‍ എടുത്ത പോലീസ് പിന്നീട് ബംഗലുരുവില്‍ നിന്നും അഞ്ചു പേരെയും കസ്റ്റഡിയില്‍ എടുത്തിരുന്നു. പ്രതികളെ ക്യു ബ്രാഞ്ച് ഉഡുപ്പിയിലെ അജ്ഞാത കേന്ദ്രത്തില്‍ ചോദ്യം ചെയ്തു വരികയാണ്.