EBM News Malayalam
Leading Newsportal in Malayalam

വിദ്ധ്യാലയങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന; മൂന്നു പേർ എക്സൈസ് പിടിയിൽ

കൊല്ലം:  ജില്ലയിലെ വിദ്ധ്യാലയങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തിവന്ന യുവാക്കളെ എക്സൈസ് പിടികൂടി. കൊല്ലം മുണ്ടയ്ക്കൽ ഈസ്റ്റ് വില്ലേജിൽ അരുൺ കോട്ടേജിൽ ഡിവൈൻ (29) ,മുണ്ടക്കൽ മേലാച്ചുവിള പടിഞ്ഞാറ്റതിൽ വീട്ടിൽ നന്ദു (23),  മുണ്ടക്കൽ കച്ചിക്കടവ്  മലയാറ്റുകിഴക്കതിൽ വീട്ടിൽ സുധീശൻ മകൻ സച്ചു എന്ന് വിളിക്കുന്ന സുബിൻ (29) എന്നിവരെയാണ് കൊല്ലം എക്സൈസ് റേഞ്ച് സംഘം അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും 1.500 കിലോ കഞ്ചാവ് പിടിച്ചെടുത്തു.

പ്രതി വാടകയ്ക്ക് താമസിച്ചുവന്നിരുന്ന  കൊല്ലം മുണ്ടയ്ക്കൽ കുന്നത്തുകാവ് നഗർ  ദിയ ഹൗസിലെ ഇരുനില കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലെ കിടപ്പുമുറിയിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്.

കൊല്ലം താലൂക്കിലൊട്ടാകെ കഞ്ചാവ് വിതരണം നടത്തുന്ന ലോബിയിലെ പ്രധാന കണ്ണിയാണ് അറസ്റ്റിലായ ഡിവൈൻ എന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. 50 ഗ്രാം കഞ്ചാവ് 2,000 രൂപയ്ക്കാണ് കോളേജ് വിദ്യാർഥികൾക്ക് ഉൾപ്പെടെ വില്പന നടത്തിയിരുന്നത്.

കൊല്ലം എക്സൈസ്  സർക്കിൾ ഇൻസ്പെക്ടർ എം കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിൽ ഗ്രേഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ എ. ഷഹാലുദ്ദീൻ, ജി.ശ്രീകുമാർ , എസ്.ബിനുലാല്‍  ഗ്രേഡ് പ്രിവൻറ്റീവ് ഓഫീസർ ടി ആർ.ജ്യോതി , സിവിൽ എക്സൈസ് ഓഫീസർമാരായ എസ്. സാലിം , ഗോകുൽ ഗോപൻ ,ആസിഫ് അഹമ്മദ് ആദിൽ ഷാ, പ്രതീഷ് പി നായർ, വനിത സിവിൽ എക്സൈസ്   ഓഫീസർമാരായ എൽ.പ്രിയങ്ക,ജി. ട്രീസ എന്നിവർ പങ്കെടുത്തു.