കൊച്ചി: പൊലീസിന്റെ കമ്പ്യൂട്ടർ ശൃംഖലയിൽ സൈബർ ആക്രമണവും വിവര ചോർച്ചയും ഉണ്ടായെന്ന വാർത്ത നിഷേധിച്ച് കേരള പൊലീസ്. പൊലീസിന്റെ കമ്പ്യൂട്ടർ ശൃംഖലയോ സെർവറോ ഒന്നും തന്നെ ഹാക്ക് ചെയ്തിട്ടില്ലെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ന്യൂസ് 18നോട് പറഞ്ഞു. നേരത്തെ പൊലീസിന്റെ ഔദ്യോഗിക ആപ്ലിക്കേഷനുകളുടെ യൂസർ നെയിമും പാസ്വേഡും അടക്കമുള്ളവ ചോർന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതു തെറ്റാണെന്ന് പൊലീസ് വ്യക്തമാക്കി.
എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന ഒരു പൊലീസുകാരന്റെ സ്വകാര്യ ലാപ്ടോപ്പിനകത്താണ് vidar വൈറസ് ആക്രമണമുണ്ടായത്. ഗൂഗിൾ ക്രോമിൽ സേവ് ചെയ്തിരിക്കുന്ന ലോഗിൻ പാസ്വേഡുകളും മറ്റും ഹാക്ക് ചെയ്യുന്ന വൈറസാണിത്. ആക്രമണത്തിൽ പൊലീസുകാരന്റെ സ്വകാര്യ ലാപ്ടോപ്പില് സേവ് ചെയ്തിരുന്ന കുറച്ച് സുഹൃത്തുക്കളുടെ ലോഗിനും പാസ്വേഡും നഷ്ടപ്പെട്ടു. ഈ ലോഗിനും പാസ്വേഡും വെബിൽ റിലീസ് ചെയ്തത് സെപ്റ്റംബർ എട്ടിന് തന്നെ പൊലീസിന്റെ ശ്രദ്ധയിൽപ്പെടുകയും എവിടെ നിന്നാണ് ചോർച്ച ഉണ്ടായതെന്ന് ഉടനടി കണ്ടെത്തുകയും ചെയ്തുവെന്ന് പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
ലാപ്ടോപ്പിൽ മാൽവെയർ പരിശോധന നടത്തിയതോടെ വില്ലൻ vidar വൈറസ് ആണെന്ന് മനസിലാക്കി. വൈറസിനെ നശിപ്പിച്ചു. സംശയിക്കുന്ന ഐപി വിലാസം കണ്ടെത്തി. ആ ലാപ് ടോപ്പ് ഫോർമാറ്റ് ചെയ്തു. പിന്നിൽ ആരാണ് എന്നതു സംബന്ധിച്ച് അന്വേഷണം നടത്താമെന്ന് എഡിജിപി സൈബർ ഓപ്പറേഷൻ ഡിജിപ്പ് റിപ്പോർട്ട് നൽകി. തുടർന്ന് ഡിജിപിയുടെ നിർദേശപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തതെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
സെപ്റ്റംബർ എട്ടിന് പൊലീസ് നടപടി തുടങ്ങി. 10ന് തന്നെ പൂർത്തിയാക്കി. ഒരുമാസത്തിനുശേഷമാണ് എഫ്ഐആര്‍ രജിസ്റ്റർ ചെയ്യാൻ നിർദേശം നൽകിയത്. ജി 20 നടക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ ഒട്ടാകെയുള്ള പൊലീസ് സേനകളുടെ വെബ്സൈറ്റ് ഹാക്ക് ചെയ്യാൻ സാധ്യതയുണ്ടെന്ന് ജാഗ്രതാ നിർദേശമുണ്ടായിരുന്നു. ഇതിനിടെയാണ് സംഭവം കേരള പൊലീസിന്റെ ശ്രദ്ധയിപെടുന്നത്.
ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ വ്യാജ പതിപ്പുകൾ ഉപയോഗിക്കുമ്പോഴാണ് vidar വൈറസ് ആക്രമണത്തിനുള്ള സാധ്യത വർധിക്കുന്നതെന്ന് വിദഗ്ധർ പറയുന്നു. ഇത്തരം ആക്രമണവും വിവര ചോർച്ചയും തടയാൻ ഒറിജിനൽ പതിപ്പുകൾ തന്നെ ഉപയോഗിക്കണം.