പിന്നിൽ കോഴിക്കോട്ടെ നാലംഗ സംഘം; അഖിൽ സജീവിന്റെ നിർണായക മൊഴി| Kozhikode four-member gang behind in health department bribery case- Akhil Sajeev statement – News18 Malayalam
നിയമന കോഴക്ക് പിന്നിൽ കോഴിക്കോട്ടെ നാലംഗ സംഘമെന്ന് അഖിൽ സജീവിന്റെ നിർണായക മൊഴി. കോഴിക്കോടുള്ള നാല് പേരാണ് തട്ടിപ്പ് സംഘത്തിലെ പ്രധാനികളെന്നാണ് അഖിൽ സജീവ് പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. എഐവൈഎഫ് നേതാവ് ആയിരുന്ന അഡ്വ.ബാസിത്, അഡ്വ. റഹീസ്, അഡ്വ.ലെനിൻ രാജ്, ശ്രീരൂപ് എന്നിവരാണ് സംഘത്തിലുള്ളത്.
തിരുവനന്തപുരത്ത് ആൾമാറാട്ടം നടത്തിയതിന് പിന്നിലും കോഴിക്കോട് സംഘമാണ് എന്നാണ് സൂചന. അഖിൽ സജീവിന്റെ ബാങ്ക് അക്കൗണ്ടിലൂടെ മറിഞ്ഞുപോയത് ലക്ഷങ്ങളാണെന്നും പൊലീസ് കണ്ടെത്തി. തട്ടിപ്പ് കേസിൽ ഇയാളുടെ മൊഴിയിൽ പറയുന്ന നാല് പേരും പ്രതികളാകും.
അഖിൽ സജീവിനെ ചോദ്യം ചെയ്തതിൽ നിന്നും കൂടുതൽ ഗൗരവമുള്ള തട്ടിപ്പുകളാണ് പുറത്തുവന്നത് എന്നാണ് സൂചന. സംഘം സംസ്ഥാന വ്യാപകമായി സംഘം തട്ടിപ്പ് നടത്തി.
അതേസമയം, പത്തനംതിട്ട പോലീസ് രജിസ്റ്റർ ചെയ്ത സ്പൈസസ് ബോർഡിലെ നിയമനത്തിനായുള്ള പണം അഖിൽ സജീവ് നൽകിയത് യുവമോർച്ച നേതാവ് രാജേഷിന്റെ അക്കൗണ്ടിലേക്കാണ്. കേസിൽ യുവമോർച്ച നേതാവും പ്രതിയാകും.
അഖിൽ സജീവും യുവമോർച്ച നേതാവും ബിസിനസ് പങ്കാളികൾ എന്നും പോലീസ് കണ്ടെത്തി. പത്തനംതിട്ട എസ്പിയും കന്റോൺമെന്റ് സിഐയും ചേർന്നാണ് ചോദ്യം ചെയ്തത്. അഖിൽ സജീവിനെ നാളെ കോടതിയിൽ ഹാജരാക്കും.
2021ലെ സിഐടിയു ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലാണ് അഖിൽ സജീവ് അറസ്റ്റിലായത്. ഇന്ന് പുലർച്ചെ തേനിയിൽ വെച്ചാണ് അഖിൽ സജീവനെ കസ്റ്റഡിയിലെടുത്തത്. ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമനതട്ടിപ്പ് കേസിലെ മുഖ്യപ്രതിയാണ് അഖിൽ.