EBM News Malayalam
Leading Newsportal in Malayalam

അനില്‍ അംബാനിയുടെ താപ വൈദ്യുത കമ്പനി ഏറ്റെടുക്കാന്‍ അദാനി ഗ്രൂപ്പ്


മുംബൈ: അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിന് കീഴിലായിരുന്ന വിദര്‍ഭ ഇന്‍ഡസ്ട്രീസ് പവര്‍ ലിമിറ്റഡിനെ അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നു. പാപ്പരത്ത നടപടി നേരിടുന്ന തെര്‍മല്‍ പവര്‍ കമ്പനിയായ വിദര്‍ഭ ഇന്‍ഡസ്ട്രീസ് പവര്‍ ലിമിറ്റഡിനെ ഏറ്റെടുക്കാനായി അദാനി ഗ്രൂപ്പിന് കീഴിലെ അദാനി പവര്‍ സമര്‍പ്പിച്ച പ്ലാന്‍ വിദര്‍ഭ ഇന്‍ഡസ്ട്രീസിന്റെ വായ്പാസ്ഥാപനങ്ങള്‍ അംഗീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഏറ്റെടുക്കാന്‍ അദാനി ഗ്രൂപ്പിന് അനുമതിയും ലഭിച്ചു.

മഹാരാഷ്ട്രയിലെ നാഗ്പുരില്‍ 600 മെഗാവാട്ട് തെര്‍മല്‍ പവര്‍ പ്ലാന്റുള്ള സ്ഥാപനമാണ് വിദര്‍ഭ ഇന്‍ഡസ്ട്രീസ്. നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിന്റെ അനുമതി കൂടി ലഭിച്ചാലേ ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിക്കാനാവൂ. ഈ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ഇന്നലെ ഓഹരി വിപണിയില്‍ റിലയന്‍സ് ഓഹരികള്‍ കുതിപ്പ് നടത്തിയെങ്കിലും പിന്നീട് ഇടിഞ്ഞു.

കഴിഞ്ഞവര്‍ഷം ജൂണ്‍ മൂന്നിലെ 895.85 രൂപയാണ് അദാനി പവര്‍ ഓഹരികളുടെ 52-ആഴ്ചത്തെ ഏറ്റവും ഉയര്‍ന്ന മൂല്യം. നവംബര്‍ 21ലെ 432 രൂപയാണ് 52 ആഴ്ചക്കിടയിലെ ഏറ്റവും കുറഞ്ഞ മൂല്യം. ഇപ്പോഴത്തെ സ്ഥിതിയില്‍ അദാനി പവറിന് 660 രൂപവരെ ഉയരാന്‍ കഴിഞ്ഞേക്കുമെന്നാണ് ചില ബ്രോക്കറേജ് സ്ഥാപനങ്ങളുടെ വിലയിരുത്തല്‍. 1.91 ലക്ഷം കോടി രൂപ വിപണി മൂല്യമുള്ള (market cap) കമ്പനിയാണിത്. ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ കമ്പനിയുടെ സംയോജിത വരുമാനം 5.23% വാര്‍ഷിക വളര്‍ച്ചയോടെ 13,671 കോടി രൂപയിലെത്തിയിരുന്നു. ലാഭം 7.37% ഉയര്‍ന്ന് 2,940 കോടി രൂപയായിരുന്നു. തൊട്ടുമുമ്പത്തെ പാദത്തിലെ (ജൂലൈ-സെപ്റ്റംബര്‍) ലാഭം 3,298 കോടി രൂപയായിരുന്നു.

 



വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y