EBM News Malayalam
Leading Newsportal in Malayalam

രണ്ടാം പാദഫലങ്ങളിൽ തിളങ്ങി ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്, ലാഭവും അറ്റാദായവും ഉയർന്നു


നടപ്പു സാമ്പത്തിക വർഷത്തെ രണ്ടാം പാദഫലങ്ങൾ പുറത്തുവിട്ട് ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ജൂലൈയിൽ ആരംഭിച്ച് സെപ്റ്റംബറിൽ അവസാനിച്ച രണ്ടാം പാദത്തിൽ 140.12 കോടി രൂപയുടെ അറ്റാദായമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുൻ വർഷം ഇതേ കാലയളവിലെ അറ്റാദായം 57.58 കോടി രൂപയായിരുന്നു. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ 143 ശതമാനത്തിന്റെ വർദ്ധനവ് നേടാൻ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന് സാധിച്ചിട്ടുണ്ട്. ഇക്കുറി മികച്ച പ്രകടനം കാഴ്ചവച്ചതോടെ ബാങ്കിന്റെ മൊത്തം ബിസിനസിൽ 32.81 ശതമാനത്തിന്റെ വളർച്ചയാണ് കൈവരിച്ചിട്ടുള്ളത്. മുൻ വർഷം 26,284 കോടിയായിരുന്ന ഇത് ഇത്തവണ 34,906 കോടി രൂപയായിട്ടുണ്ട്.

പ്രവർത്തന ലാഭത്തിലും മികച്ച വളർച്ചയാണ് നേടിയിരിക്കുന്നത്. രണ്ടാം പാദത്തിൽ ഗ്രാമീണ മേഖലകളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാൻ ബാങ്കിന് സാധിച്ചത് കൂടുതൽ നേട്ടമായിട്ടുണ്ട്. നിക്ഷേപങ്ങൾ 28.82 ശതമാനം വർദ്ധിച്ച് 17,416 കോടി രൂപയിലെത്തി. മുൻ വർഷം ഇത് 13,520 കോടി രൂപയായിരുന്നു. കൈകാര്യം ചെയ്യുന്ന വായ്പകളുടെ മൂല്യത്തിൽ 37.03 ശതമാനം വർദ്ധനവ് ഉണ്ടായിട്ടുണ്ട്. മുൻ വർഷം 12,764 കോടി രൂപയായിരുന്ന വായ്പകൾ ഇത്തവണ 17,490 കോടി രൂപയിലെത്തി.