EBM News Malayalam
Leading Newsportal in Malayalam

ഭവന വായ്പയെടുക്കാൻ ആഗ്രഹിക്കുന്നവരാണോ? ഉത്സവ സീസണിൽ ഈ ബാങ്കുകൾ നൽകുന്ന ഓഫറുകളെ കുറിച്ച് അറിയൂ


മിക്ക ആളുകളുടെ പ്രധാനപ്പെട്ട ആഗ്രഹങ്ങളിൽ ഒന്നാണ് സ്വന്തമായൊരു വീട്. സാധാരണക്കാർക്ക് നിലവിലെ സാഹചര്യത്തിൽ പുതിയൊരു വീട് എടുക്കണമെങ്കിൽ ഭവന വായ്പ അനിവാര്യമായി മാറിയിട്ടുണ്ട്. പലപ്പോഴും ബാങ്കുകൾ ഉയർന്ന പലിശ നിരക്കുകളാണ് ഭവന വായ്പകൾക്ക് ഈടാക്കാറുള്ളത്. എന്നാൽ, ഈ ഉത്സവ സീസണിൽ ഭവന വായ്പകൾക്ക് ആകർഷകമായ ഇളവുകളാണ് ബാങ്കുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഉത്സവകാല ഓഫറുകൾ ആയതിനാൽ, ഇത്തരം ഇളവുകൾ പരിമിത കാലത്തേക്ക് മാത്രമാണ് ലഭിക്കുകയുള്ളൂ. ഭവന വായ്പ പലിശ നിരക്കുകളിൽ കിഴിവുകളും, പ്രോസസിംഗ് ഫീസിൽ ഇളവുകളും നൽകുന്ന ബാങ്കുകൾ ഏതൊക്കയെന്ന് പരിചയപ്പെടാം.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഭവന വായ്പകൾക്ക് 8.4 ശതമാനം മുതലാണ് പലിശ നിരക്ക് ഈടാക്കുന്നത്. കൂടാതെ, എസ്ബിഐ ടോപ്പ് ഹോം ലോണുകൾ 8.9 ശതമാനം പലിശ നിരക്കിലും നൽകുന്നുണ്ട്. നിലവിൽ, ഹോം ലോണുകളുടെയും, ടോപ് അപ്പ് ലോണുകളുടെയും പ്രോസസിംഗ് ഫീസിൽ 50 ശതമാനം ഇളവാണ് എസ്ബിഐ നൽകിയിരിക്കുന്നത്. 2023 ഡിസംബർ 31 വരെ മാത്രമാണ് ഈ ഇളവ് ലഭിക്കുകയുള്ളൂ.

എച്ച്ഡിഎഫ്സി ബാങ്ക്

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ മേഖല ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക് ഉത്സവകാല ഓഫറുകളുടെ ഭാഗമായി 8.35 ശതമാനം പലിശ നിരക്കിലാണ് ഭവന വായ്പകൾ നൽകുന്നത്. മുൻപ് 8.75 ശതമാനമായിരുന്നു ഭവന വായ്പകളുടെ പലിശ നിരക്ക്. കൂടാതെ, പ്രോസസിംഗ് ഫീസിൽ 50 ശതമാനം ഇളവും ലഭ്യമാണ്.

പഞ്ചാബ് നാഷണൽ ബാങ്ക്

ദീപാവലി ഓഫറുകളുടെ ഭാഗമായി പഞ്ചാബ് നാഷണൽ ബാങ്ക് 8.4 ശതമാനം പലിശ നിരക്കിൽ ഭവന വായ്പകൾ നൽകുന്നുണ്ട്. കൂടാതെ, ഭവന വായ്പകൾക്ക് ആവശ്യമായ മുൻകൂർ/പ്രോസസിംഗ് ഫീസും, ഡോക്യുമെന്റേഷൻ ചാർജുകളും പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. 2023 നവംബർ 30 വരെ മാത്രമാണ് ഈ ഇളവ് ലഭിക്കുക.

ബാങ്ക് ഓഫ് ബറോഡ

‘ഫെസ്റ്റിവൻസ’ ഓഫറുകളുടെ ഭാഗമായി ബാങ്ക് ഓഫ് ബറോഡ, 8.4 ശതമാനം പലിശ നിരക്കിലാണ് ഭവന വായ്പകൾ ലഭ്യമാക്കുന്നത്. കൂടാതെ, പ്രോസസിംഗ് ഫീസ് പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. ഈ ഇളവ് 2023 ഡിസംബർ 31 വരെയാണ് ലഭിക്കുകയുള്ളൂ.