എയർ ഇന്ത്യയുടെ മുംബൈയിലെ പടുകൂറ്റൻ ബിൽഡിംഗ് ഇനി മഹാരാഷ്ട്ര സർക്കാറിന് സ്വന്തം: ഏറ്റെടുക്കൽ നടപടികൾ ഉടൻ പൂർത്തിയാകും
മുംബൈയിലെ എയർ ഇന്ത്യയുടെ പടുകൂറ്റൻ ബിൽഡിംഗ് സ്വന്തമാക്കാൻ ഒരുങ്ങി മഹാരാഷ്ട്ര സർക്കാർ. നരിമാൻ പോയിന്റിൽ കടലിന് അഭിമുഖമായി നിർമ്മിച്ച എയർ ഇന്ത്യയുടെ ബിൽഡിംഗ് സർക്കാർ ഓഫീസായി ഉപയോഗിക്കാനാണ് മഹാരാഷ്ട്ര സർക്കാരിന്റെ നീക്കം. ബിൽഡിംഗ് വാങ്ങാനുള്ള പദ്ധതിക്ക് മഹാരാഷ്ട്ര സർക്കാർ അനുമതി നൽകിയിട്ടുണ്ട്. 23 നിലകളിലായി 46,470 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. 1,601 കോടി രൂപ ചെലവിലാണ് മഹാരാഷ്ട്ര സർക്കാർ ഈ കെട്ടിടം സ്വന്തമാക്കുക.
ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായാൽ സ്വകാര്യ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന സർക്കാറിന്റെ എല്ലാ ഓഫീസുകളും എയർ ഇന്ത്യ ബിൽഡിംഗിലേക്ക് മാറ്റാനാണ് തീരുമാനം. ഇതിലൂടെ സർക്കാരിന് വർഷംതോറും 200 കോടി രൂപ വരെ ലാഭിക്കാൻ കഴിയും. സർക്കാർ ഓഫീസുകൾക്ക് പുറമേ, ധനമന്ത്രാലയത്തിന് കീഴിലുള്ള നികുതി വകുപ്പുകളുടെ ഓഫീസുകളും ഈ കെട്ടിടത്തിലേക്ക് മാറ്റാൻ സാധ്യതയുണ്ട്. കെട്ടിടം ഏറ്റെടുക്കുമ്പോൾ പ്രത്യേക പരിഗണന നൽകി ഇളവ് നൽകണമെന്ന് എയർ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇത് സർക്കാർ അംഗീകരിച്ചിട്ടുണ്ട്.
1974-ലാണ് അമേരിക്കൻ വാസ്തു ശിൽപിയായ ജോൺ ബുഗീയാണ് മേൽക്കൂരയിൽ സെന്റോർ ചിഹ്നമുളള ഈ കൂറ്റൻ കെട്ടിടം നിർമ്മിച്ചത്. അതേസമയം, കെട്ടിടം നിൽക്കുന്ന ഭൂമി 1970-ൽ 99 വർഷത്തേക്ക് എയർ ഇന്ത്യയ്ക്ക് പാട്ടത്തിന് നൽകിയതാണ്. കെട്ടിടം മഹാരാഷ്ട്ര സർക്കാറിന് സ്വന്തമാകുന്നതോടെ, നിലവിൽ പ്രവർത്തിക്കുന്ന കമ്പനികളെല്ലാം കെട്ടിടത്തിൽ നിന്ന് ഒഴിവാകേണ്ടി വരും. മഹാരാഷ്ട്ര സർക്കാറിന് പുറമേ, നേരത്തെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും കെട്ടിടം വാങ്ങാൻ രംഗത്തെത്തിയിരുന്നു.