EBM News Malayalam
Leading Newsportal in Malayalam

അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കുകളിൽ നിന്ന് ഇനി 4 ലക്ഷം രൂപ വരെ സ്വർണ വായ്പയെടുക്കാം; RBI വായ്പാ പരിധി ഉയർത്തി


അര്‍ബണ്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകളുടെ സ്വര്‍ണ്ണ വായ്പ പരിധിറിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഉയര്‍ത്തി. ബുള്ളറ്റ് റീപേയ്‌മെന്റ് സ്‌കീമിന് കീഴിലുള്ള സ്വര്‍ണ്ണ വായ്പ പരിധി 2 ലക്ഷത്തില്‍ നിന്ന് 4 ലക്ഷമാക്കി ഉയര്‍ത്തിയതായി ആര്‍ബിഐ അറിയിച്ചു. 2023 മാര്‍ച്ച് 31 ഓടെ മുന്‍ഗണനാ മേഖലയിലെ വായ്പയുമായി ബന്ധപ്പെട്ട ടാര്‍ഗറ്റ് നേടിയ അര്‍ബണ്‍ സഹകരണ ബാങ്കുകളായിരിക്കും പദ്ധതിയുടെ ഗുണഭോക്താക്കള്‍.

അതേസമയം റെഗുലേറ്ററി മാനദണ്ഡങ്ങള്‍ പാലിക്കാത്ത ബാങ്കുകള്‍ക്കും ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ സര്‍വീസ് കമ്പനികള്‍ക്കുമെതിരെ കടുത്ത നടപടിയുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇക്കഴിഞ്ഞ ജൂണിലാണ് പുതിയ നിര്‍ദ്ദേശവുമായി ആര്‍ബിഐ രംഗത്തെത്തിയത്.

കെവൈസി മാനദണ്ഡങ്ങള്‍ പാലിക്കാത്തതുമായി ബന്ധപ്പെട്ടാണ് ബാങ്കുകള്‍ക്ക് മേല്‍ പിഴ ചുമത്തിയത്. കൂടാതെ ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനി ആക്ട് 2005 ലെ നിയമങ്ങള്‍ പാലിക്കുന്നതില്‍ ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനികള്‍ വീഴ്ച വരുത്തിയതായി ആര്‍ബിഐ കണ്ടെത്തിയിരുന്നു. 2006ല്‍ പാസാക്കിയ ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ ആക്ടിന്റെ ലംഘനവും പിഴ ചുമത്താന്‍ കാരണമായെന്നാണ് റിപ്പോര്‍ട്ട്.

ബാങ്കിംഗ് മേഖലയിലെ പ്രമുഖ സ്ഥാപനമായ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കും പിഴ ചുമത്തിയ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടുന്നു. കെവൈസി മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് 30 ലക്ഷം രൂപ പിഴയാണ് സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കിന് ആര്‍ബിഐ പിഴ ചുമത്തിയത്.